കഴിഞ്ഞവർഷം ആദ്യ 7 ദിവസം എത്തിയത് നാലര ലക്ഷം പേർ മാത്രം
print edition ശബരിമലയിലേക്ക് തീർഥാടക പ്രവാഹം ; 4 ദിവസം 3.28 ലക്ഷം തീർഥാടകർ

ഭിന്നശേഷിക്കാരനായ തീർഥാടകനെ പതിനെട്ടാംപടി കയറ്റുന്ന പൊലീസുകാർ ഫോട്ടോ: ജയകൃഷ്ണൻ ഓമല്ലൂർ

സി ജെ ഹരികുമാർ
Published on Nov 20, 2025, 02:45 AM | 2 min read
ശബരിമല
ശബരിമല ദർശനത്തിന് സീസണിലെ ആദ്യ നാലുദിവസം എത്തിയത് മൂന്നേകാൽ ലക്ഷത്തിലധികം തീർഥാടകർ. കഴിഞ്ഞവർഷം ഇത് രണ്ടുലക്ഷത്തോളം പേർ മാത്രം. കഴിഞ്ഞവർഷം ആദ്യ ഏഴുദിവസം ആകെയെത്തിയത് നാലര ലക്ഷം പേർ. ഇൗ സീസണിൽ ചൊവ്വ വൈകിട്ട് ആറ് വരെ ദർശനത്തിനെത്തിയത് 3,28,823 പേർ. വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിങ് ഉൾപ്പെടെയാണിത്. 16ന് വൈകിട്ട് അഞ്ചിന് തുറന്നശേഷം 53,278 പേരും 17ന് 98,915 പേരും 18ന് 1,12,056 പേരും ദർശനം കഴിഞ്ഞ് മടങ്ങി. 19ന് വൈകിട്ട് 6 വരെ 64,574 പേരും സന്നിധാനത്തെത്തി. മണ്ഡലപൂജയ്‌ക്ക് നട തുറന്നശേഷം വലിയ തിരക്കായിരുന്നു.
പൊലീസിന്റെ കൃത്യമായ ഇടപെടൽ ദർശനം സുഗമമാക്കുന്നു. ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ഏർപ്പെടുത്തിയ ക്രമീകരണങ്ങളിൽ തീർഥാടകർ തൃപ്‌തി രേഖപ്പെടുത്തി.
കുട്ടികളും പ്രായമായ സ്‌ത്രീകളും തുടക്കത്തിലേ കൂടുതലായെത്തിയത് ഇൗവർഷത്തെ പ്രത്യേകതയാണ്. എല്ലാവർക്കും സുഗമദർശനം എന്ന നയം തീർഥാടനത്തിന് തിരക്കുകൂട്ടി. പമ്പയിലെ അയ്യപ്പസംഗമവും സർക്കാരിന്റെ കൃത്യമായ ഇടപെടലുകളും ശബരിമലയുടെ ഖ്യാതി വർധിപ്പിച്ചതും തീർഥാടക ഒഴുക്കിന് കാരണമായി.
സ്‌പോട്ട് ബുക്കിങ് 5000 മതി : ഹെെക്കോടതി
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ സ്‌പോട്ട് ബുക്കിങ് 5000 ആക്കി കുറയ്‌ക്കണമെന്ന് ഹെെക്കോടതി ദേവസ്വം ബെഞ്ച് നിർദേശിച്ചു. നിലവിൽ 20,000 ആണ് സ്‌പോട്ട് ബുക്കിങ്. തിങ്കളാഴ്‌ചവരെ ഇത് 5000 ആക്കി കുറയ്‌ക്കാനാണ് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശിച്ചത്. കാനനപാതവഴി വരുന്നവരെയും നിയന്ത്രിക്കണം. ബുക്കിങ് ഇല്ലാത്തവർക്ക് പ്രവേശനം നൽകേണ്ടതില്ല.
തീർഥാടകത്തിരക്ക് സംബന്ധിച്ച് സ്‌പെഷൽ കമീഷണർ നൽകിയ റിപ്പോർട്ടിന്മേൽ സ്വമേധയാ എടുത്ത ഹർജിയിലാണ് ദേവസ്വം ബെഞ്ചിന്റെ നിർദേശം.
നിലവിൽ വെർച്വൽ ക്യൂ വഴി ദിവസം 70,000 പേർക്കാണ് ദർശനത്തിന് അവസരം നൽകുന്നത്. മുൻവർഷം 80,000 ആയിരുന്നത് ഈ വർഷം 70,000 ആക്കിയിരുന്നു. ഇതിനുപുറമെയാണ് സ്‌പോട്ട് ബുക്കിങ് കുറച്ചത്. വെർച്വൽ ക്യൂ വഴി നേരത്തേ അപേക്ഷിച്ചവരുടെ എണ്ണം കുറയ്‌ക്കാനാകില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. തിരക്ക് നിയന്ത്രിക്കാൻ ശാസ്‌ത്രീയ സമീപനമാണ് വേണ്ടതെന്ന് കോടതി പറഞ്ഞു.
നിലക്കൽമുതൽ സന്നിധാനംവരെ വിവിധ മേഖലകളായി തിരിച്ച് എത്ര തീർഥാടകരെ ഉൾക്കൊള്ളാനാകുമെന്ന് വിലയിരുത്തണം. ചുമതലയുള്ള വകുപ്പുകൾ കൂട്ടായി പരിഹാരം ഉണ്ടാക്കണമെന്നും വിശദാംശങ്ങൾ കോടതിയെ അറിയിക്കണമെന്നും പൊലീസിനും ദേവസ്വം ബോർഡിനും നിർദേശം നൽകി. മണിക്കൂറുകൾ വരിനിൽക്കുന്നവർക്ക് കുടിവെള്ളവും പ്രാഥമിക ആവശ്യങ്ങൾക്ക് വൃത്തിയുള്ള ശുചിമുറിയും ഒരുക്കാനും കോടതി നിർദേശിച്ചു. ഹർജി 21ന് വീണ്ടും പരിഗണിക്കും.









0 comments