വെർച്വൽ ക്യൂ കുറഞ്ഞാൽ 
സ്‌പോട്ട്‌ ബുക്കിങ്‌ കൂട്ടാം: ഹൈക്കോടതി

print edition അരവണ വിറ്റുവരവിൽ 
വൻവർധന ; ദർശനം 
നടത്തിയത് 4,94,151 
തീർഥാടകർ

sabarimala
വെബ് ഡെസ്ക്

Published on Nov 22, 2025, 01:30 AM | 2 min read

ശബരിമല

സന്നിധാനത്ത് അരവണ വിറ്റുവരവിൽ വൻ വർധന. ദിവസം മൂന്നുലക്ഷത്തിൽപരം ടിൻ അരവണയാണ്‌ വിറ്റഴിക്കുന്നത്. വൃശ്ചികം ഒന്നുമുതൽ വ്യാഴം വരെ 15 ലക്ഷം ടിന്നുകളാണ് വിറ്റത്. 15 കോടിയുടെ വരുമാനമാണ്‌ അഞ്ച്‌ ദിവസം കൊണ്ട്‌ ദേവസ്വം ബോർഡിന്‌ ലഭിച്ചത്‌. കഴിഞ്ഞ വർഷം ഇതേസമയം രണ്ടു ലക്ഷം അരവണയാണ് സന്നിധാനം, മാളികപ്പുറം എന്നിവിടങ്ങളിലെ അരവണ കൗണ്ടറുകളിലൂടെ ദിവസം വിറ്റിരുന്നത്. മുൻവർഷത്തേക്കാളും അഞ്ച്‌ കോടിയുടെ വരുമാന വർധനയാണുണ്ടായത്‌. അപ്പം ഒരു പായ്‌ക്കറ്റിന്‌ 45 രൂപയും അരവണ ഒരു ടിന്നിന്‌ 100 രൂപയുമാണ്‌.


നിലവിൽ ദിവസം രണ്ടര ലക്ഷം ടിൻ അരവണയാണ് സന്നിധാനത്തെ പ്ലാന്റിൽ നിർമിക്കുന്നത്. കരുതൽ ശേഖരമായി 42 ലക്ഷം ടിൻ അരവണ സന്നിധാനം, മാളിപ്പുറം ഗോഡൗണുകളിലായി സൂക്ഷിച്ചിട്ടുണ്ട്. തീർഥാടന കാലത്ത് അരവണക്ഷാമം നേരിടാതിരിക്കാനുള്ള തയ്യാറെടുപ്പുകൾ ദേവസ്വം ബോർഡ് നേരത്തെ പൂർത്തിയാക്കിയിരുന്നു. അരവണയ്ക്കു പുറമെ അപ്പത്തിന്റെ വിറ്റുവരവിലും മുൻവർഷത്തെ അപേക്ഷിച്ച് വർധന ഉണ്ടായി.


ദർശനം 
നടത്തിയത് 4,94,151 
തീർഥാടകർ

മണ്ഡല – മകരവിളക്ക് പൂജയ്ക്കായി നവംബർ 16 ന് ശബരിമലനട തുറന്നശേഷം വെള്ളി വരെ ദർശനം നടത്തിയത് അഞ്ച് ലക്ഷത്തോളം തീർഥാടകർ. വെള്ളി വൈകിട്ട് ഏഴുവരെ 4,94,151 തീർഥാടകരാണ് എത്തിയത്. വെള്ളിമാത്രം വൈകിട്ട് ഏഴുവരെ 72,037 തീർഥാടകർ ദർശനം നടത്തി.


വെർച്വൽ ക്യൂ കുറഞ്ഞാൽ 
സ്‌പോട്ട്‌ ബുക്കിങ്‌ കൂട്ടാം: ഹൈക്കോടതി

ശബരിമലയിലെ സ്പോട്ട് ബുക്കിങ്‌ തിരക്കിനനുസരിച്ച് ക്രമീകരിക്കാമെന്ന് ഹൈക്കോടതി. വെർച്വൽ ക്യൂ വഴി എത്തുന്നവരുടെ എണ്ണം കുറവാണെങ്കിൽ, നിലവിലെ 5000 പേരെന്ന സ്പോട്ട് ബുക്കിങ്‌ ക്വോട്ട ഉയർത്താമെന്ന് ജസ്റ്റിസ് വി രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തിരക്ക് കുറഞ്ഞ കഴിഞ്ഞദിവസം സ്പോട്ട് ബുക്കിങ്‌ നിയന്ത്രണമുള്ളതിനാൽ ചില ഭക്തർക്ക് മടങ്ങേണ്ടിവന്നുവെന്ന് ദേവസ്വംബോർഡ് അറിയിച്ചതിനെ തുടർന്നാണ് നേരത്തേ പ്രഖ്യാപിച്ച നിയന്ത്രണത്തിൽ കോടതി ഇളവ് അനുവദിച്ചത്.


ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്കും ചീഫ് പൊലീസ് കോ–ഓർഡിനേറ്റർക്കും സ്ഥിതി വിലയിരുത്തി സ്പോട്ട്ബുക്കിങ്‌ ഉയർത്തുന്നതിൽ തീരുമാനമെടുക്കാം. ഇക്കാര്യം ശബരിമല സ്പെഷ്യൽ കമീഷണറെ അറിയിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി. പ്രതിദിനം 90,000 പേരെ സന്നിധാനത്ത് ഉൾക്കൊള്ളാനാകുമെന്ന് ബോർഡ് കോടതിയെ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home