വർധിപ്പിച്ച പെൻഷൻ കെെകളിൽ; വിരിഞ്ഞു പുഞ്ചിരി
നിളയ്‌ക്ക് കിട്ടി, അംബികയുടെ കൈനീട്ടം

അംബിക വിജയൻ
കൊച്ചി
കൊച്ചുമകൾ നിള അങ്കണവാടിയിൽനിന്ന് വരുന്നത് കാത്തിരിക്കുകയായിരുന്നു ആലങ്ങാട് കോട്ടപ്പുറം പുത്തൻവീട്ടിൽ അംബിക വിജയൻ. വെള്ളി ഉച്ചകഴിഞ്ഞ് സംസ്ഥാന സർക്കാരിന്റെ ക്ഷേമപെൻഷൻ വീട്ടിലെത്തിയപ്പോൾ കട്ടിലിൽ കിടക്കുകയായിരുന്നു അറുപത്തഞ്ചുകാരി അംബിക.
വാതരോഗം അലട്ടുന്നതിനാൽ നടക്കാനാകില്ല. കട്ടിലിൽ നേരെ ഇരിക്കാൻതന്നെ ബുദ്ധിമുട്ട്. എങ്കിലും മരുമകൾ സുനിതയുടെ സഹായത്തോടെ കട്ടിലിൽ പതിയെ ഇരുന്നു. നീറിക്കോട് സഹകരണ ബാങ്കിലെ കലക്‌ഷൻ ഏജന്റ് സുമ നൽകിയ കടലാസിൽ വിരലടയാളം പതിപ്പിച്ചശേഷം സർക്കാരിന്റെ സ്‌നേഹസമ്മാനമായ 3600 രൂപ ഏറ്റുവാങ്ങി. പെൻഷൻ തുക രണ്ടായിരമാക്കിയത് ഏറെ സഹായകരമാണെന്ന് അംബിക.
പെൻഷൻ തുക ആദ്യം ചെലവാക്കുക കൊച്ചുമകൾ നിളയ്‌ക്ക് ബിരിയാണി വാങ്ങി കൊടുക്കാനാണെന്നും അംബിക പറഞ്ഞു. ക്ഷേമപെൻഷൻ എപ്പോൾ കിട്ടിയാലും ആദ്യം പണം നൽകുന്നത് നിളയ്‌ക്കാണ്. ഒരു രൂപയാണെന്ന് പറഞ്ഞ് 100 രൂപ നിള വാങ്ങിയെടുക്കുമെന്നും അംബിക ചിരിയോടെ പറയുന്നു. അങ്കണവാടി വിട്ട് വീട്ടിലെത്തിയപ്പോൾ നിളയ്‌ക്ക് കിട്ടിയത് ഇൗ സ്‌നേഹക്കൈനീട്ടമായിരുന്നു.
കേബിൾ ജോലികൾ ചെയ്യുന്ന പി വി വിപിനാണ് അംബികയുടെ മകൻ. ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി അംബികയ്‌ക്കും കുടുംബത്തിനും ലഭിച്ച പുതിയ വീടിന്റെ നിർമാണം അവസാനഘട്ടത്തിലാണ്.








0 comments