ജീവിതോപാധി റബർ ടാപ്പിങ്; ജീവനായി സംഗീതം


ഇക്ബാൽ ഇല്ലത്തുപറമ്പിൽ
Published on Mar 17, 2025, 09:17 AM | 1 min read
മുണ്ടക്കയം: എൻ എസ് ശ്രീദേവിക്ക് ചെറുപ്പം മുതൽ സിരകളിലലിഞ്ഞതാണ് സംഗീതം. ആ മേഖലയിൽ പുതിയ പടവുകളിലേക്ക് കയറാൻ ഒരുങ്ങുമ്പോഴും റബർ ടാപ്പിങ് എന്ന ജീവിതോപാധി ഉപേക്ഷിച്ചില്ല. മുണ്ടക്കയം ഹാരിസൺ എസ്‌റ്റേറ്റിലെ ടാപ്പിങ് തൊഴിലാളിയാണ് മുണ്ടക്കയം പുലിക്കുന്ന് നാഗപുരം ശ്രീദേവി. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഗാനഭൂഷണം വിജയകുമാറിന്റെ ശിക്ഷണത്തിൽ സംഗീതം പഠിച്ചുതുടങ്ങിയത്.
പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ കോളേജിൽ ചേർന്ന് സംഗീതം പഠിച്ചു. തിരുവനന്തപുരം തിരുമല വിശ്വപ്രകാശ് സെൻട്രൽ പബ്ലിക്ക് സ്കൂളിൽ 12 വർഷം സംഗീതാധ്യാപികയായി ജോലി ചെയ്‌തു. അച്ഛൻ ശശി മരിച്ചപ്പോൾ അമ്മ ആലീസിന് കൂട്ടായി ശ്രീദേവി നാട്ടിലേക്ക് വന്നു. മാതാപിതാക്കൾ ജോലി ചെയ്തുകൊണ്ടിരുന്ന എസ്റ്റേറ്റിൽ ടാപ്പിങ് ജോലിയിൽ പ്രവേശിച്ചു. ടാപ്പിങ് കഴിഞ്ഞ് ഉച്ചയോടെ സംഗീതലോകത്തേക്ക് പ്രവേശിക്കുന്നതാണ് ശ്രീദേവിയുടെ ദിനചര്യ.
ശനി, ഞായർ ദിവസങ്ങളിൽ 16 കുട്ടികൾക്ക് സംഗീതം പഠിപ്പിക്കുന്നുണ്ട്. ഏപ്രിലിൽ അവധിക്കാലം ആരംഭിക്കുന്നതോടെ സംഗീതക്ലാസ് വിപുലീകരിക്കാനാണ് ഉദ്ദേശ്യം. ഒട്ടേറെ ഉത്സവവേദികളിൽ കച്ചേരി അവതരിപ്പിക്കുന്നുണ്ട്. ഭർത്താവ് അജി തിരുവനന്തപുരത്ത് ഡ്രൈവറായി ജോലിചെയ്യുന്നു. വിദ്യാർഥികളായ അനന്തലക്ഷ്മി, അനന്തകുമാർ എന്നിവരാണ് മക്കൾ.
0 comments