വിദേശവിപണിയിൽ കൂടുന്നു ; നാട്ടിൽ 
വിലയില്ലാതെ റബർ

rubber price
വെബ് ഡെസ്ക്

Published on Aug 28, 2025, 01:16 AM | 1 min read


കോട്ടയം

റബർവില വീണ്ടും ഇടിയുന്നു. ഒരുമാസം മുമ്പ്‌ 200 കടന്ന വ്യാപാരിവില ഇപ്പോൾ 181ൽ എത്തി. ഓണക്കാലത്തുള്ള ഇടിവ്‌ റബർകർഷകർക്ക്‌ തിരിച്ചടിയായി. മഴ കുറഞ്ഞതോടെ ഉൽപാദനം മെച്ചപ്പെട്ടുവരുന്ന സമയത്താണ്‌ വില കുറഞ്ഞത്‌. ആർഎസ്‌എസ്‌ നാലിന്‌ റബർബോർഡ്‌ വില 189 രൂപയാണ്‌.


ജൂലൈ 30ന്‌ വ്യാപാരിവില 201 എത്തിയിരുന്നു. പിന്നീട്‌ തുടർച്ചയായി ഇടിഞ്ഞു. ഒരു മാസമാകുന്നതിനു മുമ്പേ 20 രൂപ കുറഞ്ഞു. മഴമൂലം തോട്ടങ്ങളിൽ കാര്യമായ ടാപ്പിങ്‌ നടന്നിരുന്നില്ല. റബർ ബോർഡിൽ നിന്നുള്ള സബ്‌സിഡി മുടങ്ങിയതുമൂലം മഴമറ ഇട്ടവരും കുറവായിരുന്നു. മഴമറ ഇട്ട തോട്ടങ്ങളെപ്പോലും അതിശക്ത മഴ ബാധിച്ചു. ഇതെല്ലാം ഉൽപാദനം കുറച്ചു. എന്നാൽ വില 200 കടന്നത്‌ പ്രതീക്ഷ നൽകി. പക്ഷേ വളരെ വേഗം വില ഇടിയുകയായിരുന്നു. വിലകുറഞ്ഞ സമയത്ത്‌ ടയർ കമ്പനികൾ റബർ സംഭരിച്ചതിനാൽ അവർ വിപണിയിൽ ഇടപെടുന്നില്ല. ഇപ്പോഴത്തെ വിലകുറവിന്‌ ഇതും കാരണമായി പറയുന്നു. വിദേശരാജ്യങ്ങളിൽ ഉൽപാദനം വർധിച്ചതും വിലയിടിവിന്‌ കാരണമായി.


അതേസമയം, വിദേശവിപണിയിൽ വില കൂടുകയാണ്‌. ആർഎസ്‌എസ്‌ നാലിന്റെ ബാങ്കോക്ക്‌ വില 191 രൂപയാണ്‌. അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ഇന്ത്യയുടെ മേൽ ഏർപ്പെടുത്തിയ പ്രതികാരച്ചുങ്കം റബറിനെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിലാണ്‌ കർഷകർ. 2024–25ൽ ഇന്ത്യ 4,563.31 ദശലക്ഷം യുഎസ്‌ ഡോളർ മൂല്യമുള്ള റബറുൽപന്നങ്ങൾ കയറ്റുമതി ചെയ്‌തിരുന്നു. എന്നാൽ ഇന്നും തുടരുന്ന അനിയന്ത്രിതമായ ഇറക്കുമതി റബറിന്റെ ആഭ്യന്തരവിലയെ സാരമായി ബാധിക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home