ആൺ, പെൺ ദൈവങ്ങളുടെ പട്ടിക തരൂ; സെൻസർ ബോർഡിന് മുന്നില്‍ വിവരാവകാശ അപേക്ഷ

കൊച്ചി: സെൻസർ ബോർഡിന്റെ കൈവശമുള്ള ആൺ, പെൺ ദൈവങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ. ജെഎസ്കെ- ജാനകി VS സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ പേര് മാറ്റാൻ സെൻസർ ബോർഡ് ഇടപെട്ടതിന് പിന്നാലെയാണ് ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ഹരീഷ് വാസുദേവൻ അപേക്ഷ നൽകിയിരിക്കുന്നത്. മുംബൈയിലെ സെൻസർ ബോർഡ് ആസ്ഥാനത്തേക്കാണ് അപേക്ഷ സമർപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് സെൻസർ ബോർഡിന്റെ ആവശ്യപ്രകാരം ‘ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പേര് ‘ജെഎസ്‌കെ– ജാനകി. വി vs സ്‌റ്റേറ്റ് ഓഫ് കേരള’ എന്നാക്കാൻ തീരുമാനിച്ചത്. സിനിമയിലെ നായികാ കഥാപാത്രത്തിന്റെ പേര് ജാനകി എന്നതിനുപകരം ‘ജാനകി വി’ എന്ന് മാറ്റാമെന്ന് നിർമാതാക്കളായ കോസ്മോസ് എന്റർടെയ്‌ൻമെന്റ്‌സ് ഹെെക്കോടതിയെ അറിയിച്ചു.
കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ ചേർത്ത് സിനിമയുടെ പേര് ‘വി ജാനകി’ എന്നോ ‘ജാനകി വി ’ എന്നോ ആക്കണമെന്നും വിചാരണരംഗങ്ങളിൽ രണ്ടിടത്ത് പേര് മ്യൂട്ട് ചെയ്യണമെന്നുമാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. ജാനകിയെ വിസ്തരിക്കുന്ന പ്രതിഭാഗം അഭിഭാഷകൻ ഇതര മതസ്ഥനാണെന്നും ഈ രംഗം മതസൗഹാർദം തകർക്കുമെന്നും ബോർഡ് പറഞ്ഞു. തുടർന്ന്
ബലാത്സംഗത്തിനിരയായ കഥാപാത്രമായ ജാനകിയെ കോടതിയിൽ വിചാരണ ചെയ്യുന്ന രംഗങ്ങളിൽ രണ്ടിടത്ത് പേര് നിശ്ശബ്ദമാക്കുമെന്നും നിർമാതാക്കൾ അറിയിച്ചു. ഇതോടെ പേരുമാറ്റം അനുവദിച്ച് ജസ്റ്റിസ് എൻ നഗരേഷ് ഉത്തരവിടുകയായിരുന്നു.









0 comments