ആർഎസ്‌എസിനെതിരെ പോരാടുന്നവർ ഗുണ്ടകളെങ്കിൽ ഞങ്ങൾ, ഗുണ്ടകളാണ്


സ്വന്തം ലേഖകൻ
Published on Jul 11, 2025, 07:57 AM | 1 min read
തിരുവനന്തപുരം
: സർവകലാശാലകളെ കാവിവൽക്കരിക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നടത്തുന്ന ശ്രമങ്ങളെ എതിർത്ത എസ്‌എഫ്‌ഐ പ്രവർത്തകരെ ഗുണ്ടകളെന്ന് ആക്ഷേപിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആർഎസ്‌എസ് വിധേയത്വം തുറന്നുകാട്ടി എസ്എഫ്‌ഐ. വി ഡി സതീശൻ സംഘപരിവാർ പരിപാടിയിൽ ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തുന്ന ചിത്രം രാജ്‌ഭവൻ മാർച്ചിനിടെ ഉയർത്തിയാണ് എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജിയും സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദും ചുട്ടമറുപടി നൽകിയത്.
കേരളത്തിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണോ അതോ വി ഡി സവർക്കർ ആണോ എന്ന് പരിശോധിക്കണമെന്ന് ആദർശ് എം സജി പറഞ്ഞു.
സതീശന് ഫെയ്‌സ് ബുക്ക് പോസ്റ്റ് തയ്യാറാക്കിക്കൊടുക്കുന്നത് രാജീവ് ചന്ദ്രശേഖരനാണോ എന്ന് സംശയിക്കണം. "പട്ടണപ്രവേശം' എന്ന സിനിമയില്‍ തിലകൻ പറയുന്നപോലെ ‘ചേട്ടന്റെയും എന്റെയും ശബ്ദം ഒരുപോലെയിരിക്കുന്നു’ എന്നതിന് സമാനമാണ് നിലപാടുകൾ. ആർലേക്കർ ഗോവയിൽ നിന്ന് വരുന്നതിന് മുമ്പേ ഗോൾവാൾക്കർക്ക് മുന്നിൽ മുട്ടുകുത്തി നിന്ന് ദീപം കത്തിച്ചയാളാണ് വി ഡി സതീശനെന്നും ആദർശ് പറഞ്ഞു.
ആർഎസ്‌എസിനെതിരെ സമരം ചെയ്യുന്ന ഞങ്ങൾ കോൺഗ്രസിന്റെ കണ്ണിൽ ഗുണ്ടകളാണെങ്കിൽ, അങ്ങനെ വിളിക്കുന്നതിൽ അപമാനമില്ലെന്ന് എം ശിവപ്രസാദ് പറഞ്ഞു. പോരാട്ടം കേരളത്തിലെ മതനിരപേക്ഷമായ വിദ്യാഭ്യാസത്തെ സംരംക്ഷിക്കാനാണ്. എന്തൊക്കെ ശ്രമിച്ചാലും ഒരിഞ്ച് പിന്നോട്ട് പോകില്ല.
ഇനിയും ആർഎസ്‌എസുകാർ നിയമിച്ച വൈസ് ചാൻസലർമാരെ തെരുവിൽ പ്രതിരോധിക്കും. ആർഎസ്‌എസിനു പാദസേവ ചെയ്‌ത് സതീശൻ ഒന്നും നേടാൻ പോകുന്നില്ലെന്നും ശിവപ്രസാദ് പറഞ്ഞു.









0 comments