സിപിഐ എം പ്രവർത്തകന്റെ കൊലപാതകം ; 8 ആർഎസ്‌എസുകാർ കുറ്റക്കാർ , ശിക്ഷ 15ന്

തിരുവനന്തപുരം
കാട്ടാക്കട അമ്പലത്തിൻകാലയിലെ സിപിഐ എം പ്രവർത്തകനായിരുന്ന അമ്പലത്തിൻകാല അശോകനെ (ശ്രീകുമാർ–-42) വെട്ടിക്കൊന്ന കേസിൽ എട്ട് ആർഎസ്‌എസുകാർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്നാംപ്രതി ആമച്ചൽ തലക്കോണം തെക്കേകുഞ്ചുവീട് ശംഭുകുമാർ, രണ്ടാംപ്രതി കുരുതംകോട് എസ് എം സദനത്തിൽ ശ്രീജിത്ത്, മൂന്നാംപ്രതി കുരുതംകോട് മേലേ കുളത്തിൻകര വീട്ടിൽ ഹരികുമാർ, നാലാംപ്രതി കുരുതംകോട് താരാഭവനിൽ ചന്ദ്രമോഹൻ, അഞ്ചാംപ്രതി തലക്കോണം തെക്കേകുഞ്ചുവീട്ടിൽ സന്തോഷ് എന്നിവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി കോടതി വിലയിരുത്തി. ഏഴാംപ്രതി അമ്പലത്തിൻകാല രോഹിണിനിവാസിൽ അഭിഷേക്, പത്താംപ്രതി അമ്പലത്തിൻകാല പ്രശാന്ത് ഭവനിൽ പ്രശാന്ത്, പന്ത്രണ്ടാംപ്രതി കിഴമച്ചൽ ചന്ദ്രവിലാസം വീട്ടിൽ സജീവ് എന്നിവർക്ക് ഗൂഡാലോചനയിൽ പങ്കുണ്ടെന്നും കോടതി വിലയിരുത്തി. ഇവർക്കുള്ള ശിക്ഷ ബുധനാഴ്‌ച വിധിക്കുമെന്ന് കോടതി അറിയിച്ചു.
ഒന്നാംപ്രതി ശംഭുകുമാറും അഞ്ചാംപ്രതി സന്തോഷും സഹോദരങ്ങളാണ്. 6, 11, 13, 15, 16, 17, 18, 19 പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. 8,9 പ്രതികളെ മാപ്പുസാക്ഷികളാക്കി.
2013 മെയ് അഞ്ചിന് വൈകിട്ട് 6.45ന് ആലംകോട് ജങ്‌ഷനിൽവച്ചാണ് അശോകനെ വെട്ടിക്കൊന്നത്. സംഭവത്തിന് നിരവധി സാക്ഷികളുണ്ടായിരുന്നു. എന്നാൽ, സാക്ഷികളെ വീട്ടിൽകയറി ഭീഷണിപ്പെടുത്തിയും പണം നൽകി സ്വാധീനിച്ചും കൂറുമാറ്റി. പ്രതികളുടെയും ആർഎസ്‌എസിന്റെയും ഭീഷണിയിൽ മനംനൊന്ത് കേസിലെ പ്രധാനസാക്ഷിയായിരുന്ന അമ്പലത്തിൻകാല കരിമ്പുവിളാകത്ത് സുരേഷ് ഭവനിൽ ഗിരിധരൻ (55) ആത്മഹത്യ ചെയ്‌തിരുന്നു. കാട്ടാക്കട സിഐ ആയിരുന്ന ശ്രീകുമാറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യുഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വെമ്പായം എ എ ഹക്കിം, അഭിഭാഷകരായ ആറ്റിങ്ങൽ എസ് പ്രിയൻ,എസ് എൽ അതുൽ കൃഷ്‌ണൻ എന്നിവർ ഹാജരായി.









0 comments