പിന്നിൽ ആർഎസ്‌എസ്‌ ഗൂഢലക്ഷ്യം; സംശയമുനയിൽ നിർത്തുന്നത്‌ 
ആദ്യ ഡിജിറ്റൽ സർവകലാശാലയെ

RSS
വെബ് ഡെസ്ക്

Published on Jul 11, 2025, 07:22 AM | 2 min read

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ആർഎസ്‌എസ്‌ നീക്കത്തിന്റെ ഭാഗമായി സംശയമുനയിൽനിർത്തുന്നത്‌ രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാലയെയും. ഗവർണറുടെ ഓഫീസിന്റെ ചട്ടുകമായി മാറിയ ഡോ. സിസ തോമസിനെയാണ്‌ ഇതിനും ഇവർ ഉപയോഗിക്കുന്നത്‌. ഗ്രഫീൻ അധിഷ്‌ഠിത ഗവേഷണത്തിൽ ക്രമക്കേടെന്ന പേരിൽ സിസാ തോമസാണ്‌ തെറ്റായരേഖകൾ പുറത്തുവിട്ടത്‌. കേട്ടപാതി കേൾക്കാത്ത പാതി പല മാധ്യമങ്ങളും ഇത്‌ തൊണ്ടതൊടാതെ വിഴുങ്ങി. എന്നാൽ, പദ്ധതിക്കായി ലാഭേച്ഛയില്ലാതെ പ്രവർത്തിച്ച കമ്പനിയെയാണ്‌ ഇവർ വളഞ്ഞിട്ട്‌ അക്രമിക്കുന്നതെന്ന്‌ മറന്നു. പദ്ധതിക്കായി സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയത്‌ നടപടിക്രമം പാലിക്കാതെയെന്നാണ്‌ ഒരാരോപണം. കേന്ദ്രത്തിന്റെ ഉത്തരവ്‌ പൂർണമായി പാലിച്ച്‌ 2023 ഒക്ടോബർ 16നാണ്‌ പ്രത്യേക ഉദ്ദേശ കമ്പനി രൂപീകരിച്ചത്‌.

കേന്ദ്ര കോർപ്പറേറ്റ്‌കാര്യ മന്ത്രാലയത്തിന്റെ അംഗീകാരവും പ്രോഗ്രാം സ്‌റ്റിയറിങ്‌ കമ്മിറ്റിയുടെ അനുമതിയും ഇതിനുണ്ട്‌. നാലു കോടിയുടെ വ്യാജ ഇൻവോയ്‌സ്‌ സമർപ്പിച്ചെന്നാണ്‌ മറ്റൊരു ആക്ഷേപം. ഡിജിറ്റൽ സർവകലാശാലയുമായി ഒപ്പുവച്ച ധാരണാപത്രപ്രകാരം മെയ്‌ രണ്ടിന്‌ ഓഡിറ്റ്‌ ചെയ്‌ത യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റും ജൂൺ 23ന്‌ ഇൻവോയ്‌സുകളും സമർപ്പിച്ചിരുന്നു. ഇതിൽ ക്രമക്കേട് ഉണ്ടെന്ന്‌ ഒരാക്ഷേപവും ഇതുവരെ ഉയർന്നിട്ടില്ല. വ്യവസായം, വിദ്യാഭ്യാസ സ്ഥാപനം, സ്‌റ്റാർട്ടപ്‌, എസ്‌എംഇകൾ എന്നിവയുമായി സഹകരിച്ചാണ്‌ കമ്പനിയുടെ പ്രവർത്തനം. ഇതിനായി നിരവധി യാത്രവേണ്ടിവരും. അതിന്റെ ഇൻവൊയ്‌സ്‌ ഉൾപ്പെടുത്തിയിട്ടുണ്ട്‌. സിംഗപുരിലും, അമേരിക്കയിലും പോയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്‌.

കാലാവധിക്കു മുമ്പ്‌ ഫണ്ട്‌ കൈമാറി എന്നതും ശരിയല്ല. 2023ൽ ധാരണാപത്രം ഒപ്പുവച്ചശേഷം 2024 ഏപ്രിൽ രണ്ടിനാണ്‌ ഫണ്ടിന്റെ ആദ്യ ഗഡു കൈമാറിയത്‌. പദ്ധതി പ്രവർത്തനങ്ങൾക്ക്‌ സർവകലാശാലയിലെ 5000 ചതുശ്രയടി സ്ഥലം അനുവദിച്ചിട്ടുണ്ട്‌. ഗവേഷകർ ഇവിടെ പ്രവർത്തിക്കുന്നതിനെയാണ്‌ സ്വകാര്യ കമ്പനി ജീവനക്കാർക്ക്‌ സ്ഥലം അനുവദിച്ചു എന്ന നിലയിൽ ആക്ഷേപിക്കുന്നത്‌. രൂപീകരണത്തോടെതന്നെ രാജ്യശ്രദ്ധയാകർഷിക്കുകയും നൂതന ഗവേഷണങ്ങൾക്ക്‌ നേതൃത്വം നൽകുകയും ചെയ്യുന്ന സ്ഥാപനത്തെ മുളയിലേ നുള്ളുക എന്ന അജൻഡയാണ്‌ ഇതിനെല്ലാം പിന്നിൽ.

കേരളയിൽ ഭരണം സ്തംഭിപ്പിച്ച്‌ വിസി

തിരുവനന്തപുരം: ആർഎസ്‌എസ്‌ അജണ്ട നടപ്പിലാക്കാനുള്ള പിടിവാശിയിൽ താൽക്കാലിക വിസി ഡോ. മോഹനൻ കുന്നുമ്മൽ അധികാര ദുർവിനിയോഗം തുടരുന്നതോടെ ഭരണ പ്രതിസന്ധിയിൽ കേരള സർവകലാശാല. വ്യാഴാഴ്‌ച സർവകലാശാലയിൽ രജിസ്‌ട്രാർ ഡോ. കെ എസ്‌ അനിൽകുമാർ എത്തിയെങ്കിലും ഇ ഫയലുകൾ അനിൽ കുമാറിന്‌ അയക്കരുതെന്ന്‌ വിസി കമ്പ്യൂട്ടർ ഓപ്പറേറ്റിങ്‌ ഡയറക്‌ടർക്ക്‌ നിർദേശം നൽകി. ഇതോടെ ഫയൽ നീക്കം അനിശ്‌ചിതത്വത്തിലായി. എന്നാൽ വൈകിട്ടോടെ ഡോ. കെ എസ്‌ അനിൽകുമാറിന്റെ ഡിജിറ്റൽ ഒപ്പ്‌ പുനഃസ്ഥാപിച്ചു. താൽക്കാലിക വിസി സിസ തോമസും സമാന നടപടി സ്വീകരിച്ചിരുന്നു. രജിസ്‌ട്രാർ വഴിയെത്തിയ ഫയലുകൾ സ്വീകരിക്കാതെ അതത്‌ വകുപ്പുകളിലേക്ക്‌ തിരിച്ചയച്ച്‌ ജോയിന്റ്‌ രജിസ്‌ട്രാർ വഴി നേരിട്ട്‌ അയച്ചാൽ മതിയെന്ന്‌ നിർദേശിക്കുകയായിരുന്നു. അനിൽകുമാർ ബുധനാഴ്‌ച ഒരു ദിവസത്തെ അവധിക്കായി വിസിക്ക്‌ അപേക്ഷ നൽകിയിരുന്നു. മെഡിക്കൽ അവധിക്കുശേഷം വ്യാഴാഴ്ച രാവിലെതന്നെ അനിൽകുമാർ സർവകലാശാലയിൽ എത്തി.



deshabhimani section

Related News

View More
0 comments
Sort by

Home