രാജ്ഭവനിൽ വീണ്ടും ആർഎസ്എസ് ചിത്രം; വേദിയിൽ പ്രതിഷേധിച്ചിറങ്ങി മന്ത്രി ശിവൻകുട്ടി

ആര്‍എസ്എസ് ചിത്രത്തിനുമുന്നില്‍ ഗവര്‍ണര്‍
തിരുവനന്തപുരം: രാജ്ഭവനെ ആർഎസ്എസ് വേദിയാക്കാൻ വീണ്ടും ശ്രമം. ആർഎസ്എസ് ശാഖകളിൽ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയുടെ വേദിയിൽ വെച്ചു. ഇതിൽ പ്രതിഷേധിച്ച് പരിപാടിയിൽ പങ്കെടുക്കാനെത്തിയ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ചടങ്ങ് ബഹിഷ്കരിച്ചു.
കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിലെ പരിപാടിയിൽ ഈ ചിത്രം വെച്ചത് വിവാദമാകുകയും അന്ന് പങ്കെടുക്കാനെത്തിയ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പരിപാടി ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ഇതിൽ സർക്കാർ ശക്തമായ പ്രതിഷേധം അറിയിച്ചതോടെ രാജ്ഭവൻ നടത്തുന്ന പരിപാടികളിൽ ഈ ചിത്രം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയതാണ്. ഈ ഉറപ്പാണ് വീണ്ടും രാജ്ഭവൻ ലംഘിച്ചിരിക്കുന്നത്.

രാജ്‌ഭവനെ ആർഎസ്‌എസ് അജൻഡ നടപ്പാക്കുന്ന സ്ഥലമാക്കി മാറ്റാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു. പ്രധാന ഭരണകേന്ദ്രമാണ് രാജ്‌ഭവൻ. അതുമായി ബന്ധപ്പെട്ട നടപടികൾ, വസ്‌തുക്കൾ, ചിഹ്നങ്ങൾ എല്ലാം പൊതുവിൽ രാജ്യത്തിന് അംഗീകരിക്കാൻ കഴിയുന്നതാകണം. രാഷ്‌ട്രീയ പ്രചാരണത്തിനുള്ള വേദിയാകേണ്ട ഒന്നല്ല രാജ്‌ഭവൻ. ഇത്തരം പ്രവണത ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഒന്നല്ല ‘ഭാരതാംബ’യുടെ ചിത്രീകരണം. ഭരണഘടന നിർദേശിക്കാത്ത ഒന്നിനെയും അംഗീകരിക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.









0 comments