സർവകലാശാലകളിലെ ആർഎസ്‌എസ് ഇടപെടൽ ; പ്രതികരിക്കാതെ കോൺഗ്രസും കെഎസ്‌യുവും

തിരുവനന്തപുരം
സംസ്ഥാനത്തെ സർവകലാശാലകളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത് ആർഎസ്‌എസും ചാൻസലറുമാണെന്ന് വ്യക്തമായിട്ടും പ്രതികരിക്കാൻ മടിച്ച് കോൺഗ്രസ്–കെഎസ്‌യു നേതൃത്വം. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ താൽക്കാലിക വിസിമാരെ നിയമിച്ച ഗവർണറുടെ നടപടി തെറ്റാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടും നിലപാടെടുക്കാൻ കോൺഗ്രസിനോ കെഎസ്-യുവിനോ കഴിഞ്ഞിട്ടില്ല.
പ്രശ്‌നങ്ങൾക്കു കാരണം സംസ്ഥാന സർക്കാരാണെന്ന വാദമാണ് ഇവർ ഇപ്പോഴും ഉയർത്തുന്നത്. പ്രതിസന്ധി സൃഷ്ടിക്കുന്നത് ഗവർണർ നിയോഗിച്ച താൽക്കാലിക വിസിമാരാണെന്നത് മറച്ചുവച്ച്, സർക്കാരിനെ കുറ്റപ്പെടുത്തി ആർഎസ്‌എസിനെ വെള്ളപൂശാനാണ് ശ്രമം. ആർഎസ്എസ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്കുനേരെ കണ്ണടച്ച് സെക്രട്ടറിയറ്റിലേക്കും മന്ത്രിയുടെ വസതിയിലേക്കും സമരം നടത്തുകയാണ് കെഎസ് യു.
കേരള സർവകലാശാലയിൽ പ്രതിസന്ധിക്ക് വഴിവച്ച, ശ്രീപദ്മനാഭ സേവാസമിതിയുടെ പരിപാടിക്കിടെ നാല് കെഎസ്-യു നേതാക്കളെ ആർഎസ്‌എസുകാർ വളഞ്ഞിട്ട് ആക്രമിച്ചിട്ടും കോൺഗ്രസ് നേതാക്കളോ കെഎസ്-യു സംസ്ഥാന നേതൃത്വമോ വാതുറന്നില്ല. രജിസ്ട്രാറെ ചട്ടവിരുദ്ധമായി സസ്‌പെൻഡു ചെയ്‌തപ്പോഴും സെക്രട്ടറിയറ്റ് പടിക്കലേക്കായിരുന്നു കെഎസ്-യു മാർച്ച്.









0 comments