ജൽ ജീവൻ മിഷൻ: ഒരു വർഷമായി കേന്ദ്രവിഹിതമില്ല : റോഷി അഗസ്റ്റിൻ

തിരുവനന്തപുരം
ജൽ ജീവൻ മിഷൻ പദ്ധതിയിൽ 2025–- 26 സാമ്പത്തിക വർഷത്തെ വിഹിതമായി ഒരു രൂപ പോലും കേന്ദ്രം നൽകിയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. 500 കോടി രൂപ സംസ്ഥാനം മൂൻകൂർ വിഹിതമായി അനുവദിച്ചു. ഇതുവരെ 5610.30 കോടി കേന്ദ്ര വിഹിതമായും 6033.29 കോടി സംസ്ഥാന വിഹിതമായും ചെലവഴിച്ചു. കരാറുകാർക്ക് കുടിശിക നൽകാനുണ്ട്. ഫണ്ടിന്റെ അഭാവം പദ്ധതിയുടെ പുരോഗതിയെ ബാധിക്കുന്നു.
ഇത് തരണം ചെയ്യാനായി ജല അതോറിറ്റിക്ക് നബാർഡിൽനിന്ന് 9,000 കോടി രൂപ വായ്പ എടുക്കാൻ തത്വത്തില്‍ അനുമതി നല്‍കി. ആദ്യഘട്ടത്തില്‍ 5,000 കോടി രൂപ വായ്പ എടുക്കാൻ സർക്കാർ ഗ്യാരന്റി നല്‍കാൻ അനുമതി നല്‍കിയും ഉത്തരവായിട്ടുണ്ട്– മന്ത്രി പറഞ്ഞു. പദ്ധതി 2020ൽ തുടങ്ങുമ്പോൾ സംസ്ഥാനത്ത് 17.50 ലക്ഷം വീടുകളിൽ മാത്രമാണ് കണക്‌ഷൻ ഉണ്ടായിരുന്നത് (25.06 ശതമാനം). ജല്‍ ജീവൻ മിഷനിലൂടെ 54.45 ലക്ഷം കുടിവെള്ള കണക്‌ഷൻ നൽകാനായി. നിലവിൽ സംസ്ഥാനത്ത് ഗ്രാമീണ മേഖലയിൽ ആകെയുള്ള 69.82 ലക്ഷം വീടുകളിൽ, 38.62 ലക്ഷം വീടുകളിലും കുടിവെള്ള കണക്‌ഷനുകൾ ലഭ്യമാക്കിയിട്ടുണ്ട്.
പദ്ധതിയിൽ ലക്ഷം കിലോമീറ്ററിലധികം പഞ്ചായത്ത് റോഡുകളിലൂടെയാണ് പെപ്പ്‌ലൈൻ സ്ഥാപിക്കാനുള്ളത്. ഇതിൽ 56,000ത്തിലധികം കിലോമീറ്ററിൽ പൈപ്പ്‌ലൈൻ സ്ഥാപിച്ചു. ഇതിനായി പൊളിച്ച 37,000 കിലോമീറ്റർ റോഡും പഴയനിലയിലാക്കി– മന്ത്രി ചോദ്യോത്തര വേളയിൽ വ്യക്‌ത മാക്കി.









0 comments