ചലിക്കുന്ന റോബോട്ടുകള്‍ മുതല്‍
 സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ

Kerala school robotics
avatar
സ്വന്തം ലേഖകൻ

Published on Sep 17, 2025, 08:19 AM | 1 min read

തിരുവനന്തപുരം: കാഴ്ച പരിമിതര്‍ക്ക് നടക്കാൻ സഹായിക്കുന്ന ഉപകരണവും സ്‌മാർട്ട്‌ കാലാവസ്ഥാ കേന്ദ്രങ്ങളുമെല്ലാം കുട്ടികൾ സ്‌കൂളിൽ തന്നെ നിർമിക്കും. സ്കൂളുകളിൽ റോബോട്ടിക്സ് പഠനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾകൂടി വിതരണം ചെയ്യും. ഇതിനായി ടെൻഡർ ക്ഷണിച്ചു. എല്ലാ ഹൈസ്കൂളുകളിലെയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലാണ്‌ കിറ്റുകൾ വിതരണം ചെയ്യുന്നത്‌. 29,000 റോബോട്ടിക് കിറ്റുകള്‍ നേരത്തെ സ്കൂളുകള്‍ക്ക് കൈറ്റ് ലഭ്യമാക്കിയിട്ടുണ്ട്.


ഈ അധ്യയനവർഷം മുതൽ നാല് ലക്ഷത്തിലധികം പത്താം ക്ലാസ് വിദ്യാർഥികൾക്ക് പ്രയോജനപ്പെടും വിധം റോബോട്ടിക്സ് പഠനം ഇപ്പോള്‍ ഐസിടി പാഠ്യ പദ്ധതിയുടെ ഭാഗമായി മാറി. ഇതിന്റെ തുടര്‍ച്ചയായാണ് ഐഒടി ഉപകരണങ്ങള്‍ ഉൾപ്പെടെ തയ്യാറാക്കാന്‍ സഹായിക്കുന്ന പുതിയ അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകൾ നൽകുന്നത്‌.


പുതിയ കിറ്റിൽ ഐഒടി സംവിധാനം ഒരുക്കാനുള്ള വൈഫൈ, ബ്ലൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയ സൗകര്യങ്ങളുള്ള ഇ എസ് പി 32 അധിഷ്ഠിതമായ ഡെവലപ്മെന്റ് ബോർഡാണ് ഉൾപ്പെടുത്തിയത്. പ്രത്യേക പാത പിന്തുടരുന്ന റോബോട്ടുകൾ, ചെടികള്‍ക്ക് ഓട്ടോമാറ്റിക്കായി വെള്ളം ഒഴിക്കാനുള്ള സംവിധാനം, ചലനം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍, സ്മാര്‍ട്ട് എനര്‍ജി സേവിങ് ഉപകരണം, വായു ഗുണനിലവാര പരിശോധനാ സൗകര്യം തുടങ്ങിയ പ്രോജക്ടുകൾ നിര്‍മിക്കാന്‍ അഡ്വാൻസ്ഡ് കിറ്റുകൾ വിദ്യാർഥികളെ സഹായിക്കും.


ഇലക്ട്രോണിക് സർക്യൂട്ടുകളെക്കുറിച്ച് പഠിക്കാനും അവയിലെ പ്രശ്നങ്ങൾ കണ്ടെത്താനും ബ്ലോക്ക് കോഡിങ്, പൈത്തൺ, സി മുതലായവ ഉപയോഗിച്ച് ഇവയില്‍ പ്രോഗ്രാമിങ് ചെയ്യാനും അവസരം ലഭിക്കും.​


www.etenders.kerala.gov.in വഴി 25ന്‌ മുന്പ്‌ ടെൻഡർ സമർപ്പിക്കണം. ഡിസംബറോടെ പുതിയ കിറ്റുകൾ ഉൾപ്പെടുത്തിയുള്ള ലിറ്റിൽ കൈറ്റ്സ് കരിക്കുലം പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് പറ‍ഞ്ഞു. ഇതിനായി പ്രത്യേക മൊഡ്യൂള്‍ തയ്യാറാക്കി കൈറ്റ് പരിശീലനം നല്‍കും.



deshabhimani section

Related News

View More
0 comments
Sort by

Home