ഹിറ്റായി പെരുങ്കടവിളയിലെ റോബോട്ടിക് ആന

തിരുവനന്തപുരം: പെരുങ്കടവിള കൊല്ലംവിളാകത്തുനടയിൽ ശ്രീബാലഭദ്രകാളി ദേവീ ക്ഷേത്രത്തിലെ വാർഷിക മഹോത്സവത്തോട് അനുബന്ധിച്ച് പൂർവമേഖലാ പ്രാദേശിക ഉത്സവസമിതി സമർപ്പിച്ച റോബോട്ടിക് ആന, ദേവിദാസൻ കൗതുകയായി. കാണാനും ഒന്ന് തോടാനും തിരക്കോട് തിരക്ക്, ദേവീദാസനൊപ്പം സെൽഫി കൂടിയായാൽ ഹാപ്പി. പ്രായഭേദമന്യേ കാണികളെ അമ്പരപ്പിക്കുന്നതായിരുന്നു ഗജവീരൻ്റെ എൻട്രി.
തല കുലുക്കിയും തുമ്പികൈയ്യാൽ വെള്ളം ചീറ്റിയും, മുറം പോലുള്ള ചിറക് വീശിയും വാലാട്ടിയും എന്നുവേണ്ട... കെട്ടിലും മട്ടിലും ദേവീദാസൻ തനി കുറുമ്പനായി... ഒപ്പം ചുരുങ്ങിയ സമയം കൊണ്ട് നാട്ടുകാരുടെ പ്രിയ തോഴനുമായി. തൃശൂർ ഫോർ ഹാർഡ്സ് ക്രിയേഷൻസിലെ പ്രശാന്തും സംഘവും നിർമ്മിച്ച ആനയെ പീറ്റാ ഇൻഡ്യ ഓർഗനൈസേഷനാണ് ക്ഷേത്രത്തിന് സമർപ്പിച്ചത്. സിനിമാതാരം പാർവതി നായർ പ്രകാശനം നിർവഹിച്ച ശേഷം ഏറെ നേരം ദേവീദാസനൊപ്പം ചിലവിട്ട ശേഷമാണ് വേദി വിട്ടത്.
കാണികൾക്ക് ഒരേയൊരു അഭിപ്രായം മാത്രം, ഈ ആന കലയില്ല. ആരെയും ഉപദ്രവിക്കില്ല എന്നാൽ ഒരു ആന ചെയ്യുന്നതെല്ലാം ഇതും ചെയ്യും. വർദ്ധിച്ചുവരുന്ന ആനയുടെ ഉപദ്രവങ്ങൾ, ആന പീഡനങ്ങൾ കണക്കിലെടുത്ത് മറ്റുള്ള ക്ഷേത്ര ഭരണസമിതി അംഗങ്ങളും ഇതൊരു മാതൃകയായി എടുത്ത് റോബോട്ടിക് ആനകളെ പരിഗണിക്കണമെന്നും അതിനുള്ള സഹായം ചെയ്യാൻ തയ്യാറാണ് എന്നും പെരുങ്കടവിള ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.









0 comments