മണ്ഡലം പ്രസിഡന്റാകണോ, കൈക്കൂലി നൽകണം
അധിക്ഷേപവും പരിഹാസവും അസഹനീയം , ഹൃദയവേദനയോടെ കോൺഗ്രസ് വിടുന്നു

പാലക്കാട്
‘ഉമ്മ മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും മകൾ കെഎസ്‌യു പ്രവർത്തകയുമാണ്. പക്ഷേ ഇനി ഇൗ പാർടിയോടൊപ്പം നിൽക്കാൻ കഴിയില്ല. ഹൃദയവേദനയോടെ പ്രസ്ഥാനം വിടുകയാണ്. അത്രയ്ക്ക് അധിക്ഷേപവും പരിഹാസവും ശാപവാക്കുകളും കേട്ടു. സമീപത്തെ മറ്റു രണ്ടു മണ്ഡലം പ്രസിഡന്റുമാരും സമാന മതസ്ഥര്‍, ഇതുപറ്റില്ലെന്ന് മുഖത്തുനോക്കി ഡിസിസി പ്രസിഡന്റ് പറഞ്ഞപ്പോൾ മനസ്സ് പിടഞ്ഞു’– തച്ചന്പാറ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിയാസ് തച്ചന്പാറ വാർത്താസമ്മേളനത്തിൽ വിതുന്പി.
സഹകരണസംഘം നിയമനത്തിൽ സംഭാവന വാങ്ങിയ പണം നൽകാത്ത വിരോധത്തിലാണ് കോൺഗ്രസിൽനിന്ന് പുറത്താക്കിയതെന്ന് റിയാസ് പറഞ്ഞു. യുഡിഎഫ് ഭരിക്കുന്ന തച്ചന്പാറ സർവീസ് സഹകരണ ബാങ്കിൽ അറ്റൻഡർ തസ്‌തികയിൽ രണ്ട് ഒഴിവാണുണ്ടായിരുന്നത്. കോൺഗ്രസിനും ലീഗിനും വീതിച്ചു. കോൺഗ്രസ് നിയമിച്ച ജീവനക്കാരൻ പാർടിക്ക് നൽകിയ സംഭാവനയിൽ നാലു ലക്ഷം രൂപയാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ ചോദിച്ചത്. തുക പാർടിയുടെ പേരിൽ സ്ഥിരനിക്ഷേപമാക്കിയെന്ന് പറഞ്ഞപ്പോൾ ‘ഞാൻ ചെരക്കാനല്ല ഇരിക്കുന്നത്’ എന്നായിരുന്നു ഡിസിസി പ്രസിഡന്റിന്റെ മറുപടി. നൽകില്ലെന്ന് പറഞ്ഞപ്പോൾ രണ്ടു ലക്ഷമെങ്കിലും വേണമെന്നായി. നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന പലിശ പാർടി പ്രവർത്തനത്തിന് ഉപയോഗിക്കുമെന്ന് പറഞ്ഞപ്പോൾ വിരോധമായി. രണ്ട് കള്ളക്കേസ് ന ൽകി.
എസ്‌ബിഐക്കുമുന്നിൽ സ്‌ത്രീയെ അപമാനിച്ചെന്നും കോൺഗ്രസ് നിയന്ത്രണത്തിലാക്കിയ ബാങ്കിലെ സെക്രട്ടറിയെ ഫോണിൽ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. സ്‌ത്രീകളെ അധിക്ഷേപിച്ചെന്ന് പറഞ്ഞാണ് പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയത്. തച്ചന്പാറയിൽ പട്ടാപ്പകൽ പെൺകുട്ടിയെ എഴുപതുകാരൻ കടന്നുപിടിച്ചപ്പോൾ അക്കാര്യം പൊലീസിനെ അറിയിച്ച് പ്രതിയെ റിമാന്‍ഡ് ചെയ്‌തു. ആ പ്രതിയുടെ മകളാണ് ആദ്യ പരാതിക്കാരി.
സംഘത്തിൽ അംഗത്വ അപേക്ഷ നിരസിച്ചത് ചോദ്യംചെയ്‌തതിനായിരുന്നു രണ്ടാമത്തെ പരാതി. ഇനി സിപിഐ എമ്മിനൊപ്പം നിൽക്കുമെന്നും റിയാസ് തച്ചന്പാറ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബുവിനൊപ്പമാണ് റിയാസ് വാർത്താസമ്മേളനത്തിനെത്തിയത്.
മണ്ഡലം പ്രസിഡന്റാകണോ, കൈക്കൂലി നൽകണം
കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമുതൽ പോഷകസംഘടനാ ഭാരവാഹികൾവരെ ആകണമെങ്കിൽ കൈക്കൂലി നിർബന്ധമാണെന്ന് പാലക്കാട് തച്ചന്പാറ കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റ് റിയാസ് തച്ചന്പാറ. പാർടിക്ക് സ്വാധീനമുള്ള മേഖലകളിൽ മണ്ഡലം പ്രസിഡന്റാകാൻ 50,000 രൂപയാണ് ഡിസിസി പ്രസിഡന്റിന് നൽകേണ്ടത്. അല്ലാത്ത മേഖലകളിൽ 10,000 രൂപ നൽകണം. പോഷകസംഘടനാ ഭാരവാഹികളാകണമെങ്കിലും പണം നൽകണം. വായ്‌പയെടുത്ത് തുക നൽകിയ മണ്ഡലം പ്രസിഡന്റുമാർ ജില്ലയിലുണ്ടെന്ന് റിയാസ് തച്ചന്പാറ വാർത്താസമ്മേളനത്തിൽ പറഞ്ഞു.









0 comments