റിജിത്ത്‌ വധക്കേസ്‌: നീതിയെത്തുന്നത്‌ 19 വർഷത്തിനുശേഷം

rijith-murder-case
avatar
പി ദിനേശൻ

Published on Jan 05, 2025, 12:40 AM | 3 min read

തലശേരി> സിപിഐ എം പ്രവർത്തകൻ കണ്ണപുരം ചുണ്ടയിലെ റിജിത്ത്‌ വധക്കേസിൽ നാട്‌ കാത്തിരുന്ന വിധിയെത്തുന്നത്‌ 19 വർഷത്തിനുശേഷം. റിജിത്തിനെ അരുംകൊല ചെയ്‌ത ആർഎസ്‌എസുകാരായ മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന വിധി പ്രോസിക്യൂഷന്റെയും അന്വേഷണ സംവിധാനത്തിന്റെയും വിജയംകൂടിയാണ്‌.


ശാസ്‌ത്രീയ തെളിവുകളും സാക്ഷിമൊഴികളുമെല്ലാം പ്രതികളുടെ ശിക്ഷ ഉറപ്പാക്കാൻ സഹായകമായി. രാഷ്‌ട്രീയപശ്‌ചാത്തലമൊന്നുമില്ലാത്ത റിട്ട. എയർഫോഴ്‌സ്‌ ഉദ്യോഗസ്ഥൻ രാമചന്ദ്രന്റെ മൊഴിയും നിർണായകമായി. വീടിന്റെ മുമ്പിൽനിന്ന്‌ ശബ്ദംകേട്ട്‌ പുറത്തുവന്നതായും പരിക്കേറ്റയാൾക്ക്‌ വെള്ളം നൽകിയതായും ആ സമയത്ത്‌ ജീവനുണ്ടായിരുന്നുവെന്നും രാമചന്ദ്രൻ മൊഴി നൽകിയിരുന്നു.


ഡിവൈഎഫ്‌ഐ പ്രവർത്തകരായ ആറുപേർ രണ്ട്‌ സൈക്കിളും തള്ളി പോകുന്നതിനിടെയായിരുന്നു പതിയിരുന്ന സംഘം ആക്രമിച്ചത്‌. മൂന്നുപേർക്ക്‌ പരിക്കേൽക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്‌തു. റിജിത്തിനൊപ്പം വെട്ടേറ്റ മൂന്ന്‌ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മൊഴിയും കോടതി പരിഗണിച്ചു. പ്രതികളുടെ രക്തംപുരണ്ട വസ്‌ത്രം അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയിരുന്നു. ഫോറൻസിക്‌ ലാബിലെ പരിശോധനയിൽ വസ്‌ത്രത്തിൽ മനുഷ്യരക്തമാണെന്ന്‌ തെളിഞ്ഞു.


കൊല്ലപ്പെട്ട റിജിത്തിന്റെയും പരിക്കേറ്റവരുടെയും രക്തമാണിതെന്ന ഫോറൻസിക്‌ ലാബ്‌ റിപ്പോർട്ടും പ്രതിഭാഗത്തിന്‌ തിരിച്ചടിയായി . രക്തംപുരണ്ട ആയുധങ്ങളുടെ ഫോറൻസിക്‌ ലാബ്‌ റിപ്പോർട്ടും പ്രതിഭാഗത്തിന്‌ എതിരായി. ആർഎസ്‌എസ്‌ ശാഖ ആക്രമിക്കാനെത്തിയവർ തമ്മിൽ വെട്ടേറ്റ്‌ മരിച്ചതാണെന്നായിരുന്നു പ്രതിഭാഗം വാദം. എന്നാൽ, പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾക്കുമുന്നിൽ ഈ വാദത്തിന്റെ മുനയൊടിഞ്ഞു. പോസ്‌റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക്‌ സർജൻ ഡോ. എസ്‌ ഗോപാലകൃഷ്‌ണപിള്ളയുടെ മൊഴിയും കഠാര ഉപയോഗിച്ച്‌ വെട്ടിക്കൊന്നതാണെന്ന്‌ തെളിയിക്കാൻ സഹായിച്ചു.


കുറ്റമറ്റനിലയിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ അന്വേഷകസംഘത്തിന്‌ സാധിച്ചു. കൊലപാതകത്തിനുശേഷം പ്രതികൾ ഒളിപ്പിച്ച ആയുധങ്ങൾ മുഴുവൻ പൊലീസ്‌ കണ്ടെത്തിയിരുന്നു. കണ്ണപുരം റെയിൽവേ സ്‌റ്റേഷനടത്ത കുറ്റിക്കാട്ടിൽനിന്നും മടൽക്കൂമ്പാരത്തിനിടയിൽനിന്നും നീലിയാർ കോട്ടത്ത്‌ വീണുകിടന്ന മരത്തിനടുത്തുനിന്നുമാണ്‌ ചോരപുരണ്ട ആറ്‌ ആയുധവും പൊലീസ്‌ പിടിച്ചത്‌.


റിജിത്ത്‌ വധക്കേസ്‌ നാൾവഴി


2005 ഒക്ടോബർ മൂന്നിന്‌ റിജിത്തിനെ 
ആർഎസ്‌എസുകാർ വെട്ടിക്കൊല്ലുന്നു

നാലിന്‌ കണ്ണപുരം പൊലീസ്‌ എഫ്‌ഐആർ 
രജിസ്‌റ്റർ ചെയ്യുന്നു

രാത്രി 11.45ന്‌ കണ്ണപുരം എസ്‌ഐ എ വി ജോൺ പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തുന്നു

ഒക്ടോബർ ആറിന്‌ വളപട്ടണം സിഐ ടി പി 
പ്രേമരാജൻ അന്വേഷണം ഏറ്റെടുക്കുന്നു

2006 മാർച്ച്‌ 14ന്‌ കുറ്റപത്രം സമർപ്പിക്കുന്നു

2018 ഒക്ടോബർ മൂന്നിന്‌ അഡീഷണൽ ജില്ലാസെഷൻസ്‌ കോടതി (3)ൽ വിചാരണ തുടങ്ങുന്നു

ഹൈക്കോടതി നിർദേശ പ്രകാരം വിചാരണ അഡീഷണൽ ജില്ലാ സെഷൻസ്‌ (1) കോടതിയിലേക്ക്‌ മാറ്റുന്നു

കോവിഡ്‌ കാലത്ത്‌ വിചാരണയുണ്ടായില്ല

വിവിധ ഘട്ടങ്ങളിലായി നാല്‌ ജഡ്‌ജിമാർ 
വാദംകേൾക്കുന്നു

2025 ജനുവരി നാലിന്‌ അഡീഷണൽ ജില്ലാ സെഷൻസ്‌ കോടതി (3) ജഡ്‌ജി റൂബി കെ ജോസ്‌ 
പ്രതികൾ കുറ്റക്കാരാണെന്ന്‌ വിധിക്കുന്നു


ആശ്വാസമായി നീതിയുടെ വെളിച്ചം


എന്റെ നാടിനെക്കുറിച്ചറിയാത്ത സുഹൃത്തുക്കളും സഹപ്രവർത്തകരടക്കമുള്ള പലരും ചോദിച്ചിട്ടുണ്ട്. എന്തായിരുന്നു കാരണമെന്ന്? ഒരു കാരണവുമില്ലാതെ ഒരാളെ ഇങ്ങനെ ചെയ്യുമോയെന്ന്‌. അവൻ വേണ്ടാത്ത പണിക്ക്‌ പോയിട്ടല്ലേ എന്ന് അവർ എന്നോടു പറയാതെപറയുന്നതുപോലെ തോന്നിയിട്ടുണ്ട്. എന്നാലാവും വിധം അവരെയൊക്കെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്, ജീവിച്ചിരുന്ന 25 വർഷത്തിനിടെ അവനൊരു പെറ്റി കേസിൽപോലും പ്രതിയായിരുന്നില്ലെന്ന്. ഇങ്ങനെയൊരു കാര്യം നടക്കാൻ വേണ്ടിമാത്രം എന്റെ നാട്ടിൽ ഒരു സംഭവമോ, ഒരു പ്രകോപനമോ പോലും ഉണ്ടായിട്ടില്ലെന്ന്. എന്നിട്ടും അവരുടെയൊക്കെ മുഖത്ത് ഒരു അവിശ്വസനീയത പടരുന്നത് ഞാൻ നിസ്സഹായതയോടെ നോക്കി നിന്നിട്ടുണ്ട്.


ഒരു പ്രത്യയശാസ്ത്രത്തിന്റെയും പിൻബലമില്ലാതെ നാടിന്റെ സമാധാനം കെടുത്തി കലാപം വിതച്ച് അതിൽനിന്ന്‌ വിളവെടുപ്പ് നടത്താമെന്ന് കരുതിയ ഒരു സംഘം, നാടിന്റെ ഏത് ആവശ്യങ്ങൾക്കും ഒപ്പമുണ്ടാകുന്ന കുറച്ചു ചെറുപ്പക്കാരെ ഇരുട്ടിന്റെ മറവിൽ കാത്തിരുന്നു നടത്തിയ കൊടും പാതകത്തിനൊടുവിൽ വീണത് അവനായിരുന്നു. 2005 ഒക്ടോബർ മൂന്നിന്‌ രാത്രി മുതൽ വിധിപറഞ്ഞ 2025 ജനുവരി നാല്‌ ആകുമ്പോഴേക്കും 19 വർഷവും മൂന്ന്‌ മാസവും കഴിഞ്ഞു പോയിരിക്കുന്നു. കാത്തിരിപ്പിന്റെ മരവിപ്പിനൊടുവിൽ കിട്ടിയ വിധിയാണ്. ഏതാണ്ട് 20 വർഷത്തെ വേദനയ്ക്കും നിസ്സഹായതയ്ക്കും മരവിപ്പിനും ഒടുവിൽ കുറ്റകൃത്യത്തിൽ പങ്കെടുത്ത എല്ലാവരും കുറ്റക്കാരാണെന്ന് ബഹുമാനപ്പെട്ട കോടതി പറയുമ്പോൾ സന്തോഷമൊന്നും തോന്നുന്നില്ല.


ശിക്ഷ എന്തുതന്നെയായാലും ഈ വിധിയിലൂടെ ഇരുളടഞ്ഞ ഞങ്ങളുടെ ജീവിതത്തിലേക്ക് നീതിയുടെ വെളിച്ചം വീഴുന്നത് കാണുമ്പോൾ ആശ്വാസം തോന്നുന്നുണ്ട്. ഒപ്പം പ്രതീക്ഷയും. പരിമിതികൾക്കുള്ളിൽ കിടന്ന് കഴിഞ്ഞ 20 വർഷമായി അനുഭവിച്ചു കൊണ്ടിരിക്കുന്ന നീറ്റലിനും ചെറുതായൊരാശ്വാസം. നിയമപരമായ പോരാട്ടങ്ങളിലൂടെ ആശ്വാസം പകർന്നുതന്ന നിയമ സംവിധാനങ്ങളുടെ ഭാഗമായവർക്കും ഒപ്പം അവന്റെ പ്രസ്ഥാനത്തിനും അതിന്റെ ഭാഗമായ അവന്റെ പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും കൂടെനിന്ന എല്ലാവരുടെയും മുമ്പിൽ കെെകൾ കൂപ്പുന്നു. നന്ദി.




deshabhimani section

Related News

View More
0 comments
Sort by

Home