ഡിസിസി നേതൃത്വം വഞ്ചിച്ചു: യൂത്ത്, മഹിളാകോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരടക്കം 14പേർ കോൺഗ്രസിൽനിന്ന് രാജിവച്ചു

കോൺഗ്രസിൽനിന്നു രാജിവച്ചവർ പാലക്കാട് പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ

സ്വന്തം ലേഖകൻ
Published on Mar 25, 2025, 11:10 PM | 1 min read
പാലക്കാട്: ഡിസിസി നേതൃത്വത്തിന്റെ വഞ്ചനയിലും ഗ്രൂപ്പുകളിയിലും മനംമടുത്ത് യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, സേവാദൾ ജില്ലാ പ്രസിഡന്റ് അടക്കം 14 കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ടി വിട്ടു. കോട്ടായി പഞ്ചായത്തിലെ കോൺഗ്രസ് നേതാക്കളാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന് രാജിക്കത്ത് നൽകിയത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പി പി സുധ, ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ചന്ദ്രൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സെറീന, സേവാദൾ ജില്ലാ പ്രസിഡന്റ് മൃദുന മധുസൂദനൻ, തരൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് വി ബി ശശിധരൻ, തരൂർ ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ സുലൈമാൻ, ലക്ഷ്‌മിക്കുട്ടി, മുരളി മോഹൻ, ശിവദാസ്, ബാലൻ, തരൂർ ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ്, ജിഷ, ഹക്കിം, പെട്ട എന്നിവരാണ് ചൊവ്വാഴ്‌ച ഡിസിസി ഓഫീസിലെത്തി രാജിക്കത്ത് നൽകിയത്.
സാധാരണ പ്രവർത്തകരുടെ വികാരങ്ങൾ മാനിക്കാൻ ഡിസിസി നേതൃത്വം തയ്യാറാകുന്നില്ലെന്ന് രാജിവച്ചവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തങ്ങൾ ജന്മികളും പ്രവർത്തകർ അടിമകളുമാണെന്നാണ് നേതൃത്വത്തിന്റെ മനോഭാവം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച രണ്ടുപേർ മൂന്നുവർഷമായി കോട്ടായി പഞ്ചായത്തിൽ കോൺഗ്രസ് നടത്തുന്ന ഒരുപരിപാടിയിലും പങ്കെടുക്കാറില്ല. പാർടി വിരുദ്ധ പ്രവർത്തനം നടത്തുന്ന ഇവരെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കണമെന്ന് കോട്ടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രമേയം പാസാക്കി. ഇക്കാര്യം ഉന്നയിച്ച് തരൂർ ബ്ലോക്ക് പ്രസിഡന്റ് ആര്‍ ബാലന് കത്ത് നൽകുകയും ഇത് ഡിസിസി പ്രസിഡന്റിന് കൈമാറുകയുംചെയ്‌തു. എന്നാൽ ഇവർക്കെതിരെ കാരണംകാണിക്കൽ നോട്ടീസ് അയക്കാൻപോലും നേതൃത്വം തയ്യാറായില്ല. തുടർനടപടി ആലോചിച്ച് തീരുമാനിക്കുമെന്നും രാജിവച്ചവർ പറഞ്ഞു.









0 comments