മരുന്നുകളിൽ ഉടൻ- ഫലപ്രാപ്‌തി ഉറപ്പാക്കുന്ന ഗവേഷണകേന്ദ്രം കൊരട്ടിയിൽ

സി എ പ്രേമചന്ദ്രൻ
Published on Aug 29, 2025, 12:00 AM | 1 min read
തൃശൂർ: മരുന്നുകളുടെ ആഗീരണം വേഗത്തിലാക്കി രോഗിയിൽ ഉടൻ ഫ-ലപ്രാപ്‌തിയുണ്ടാക്കുന്ന നവീന ഡ്രഗ് ഡെലിവറി സംവിധാനമായ ലിപോസോമൽ ഗവേഷണത്തിന് മാത്രമായി ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രം കേരളത്തിൽ. കൊരട്ടി കിൻഫ്ര വ്യവസായ പാർക്കിലെ മോളിക്യൂൾസ് ബയോലാബ്സ് കമ്പനിയാണിത്. പരമ്പരാഗതമായ ഗുളികകളുടെയും മരുന്നുകളുടെയും രൂപത്തിൽനിന്ന് മാറി പൊടി രൂപത്തിലും ദ്രാവക രൂപത്തിലുമാണ് ലിപോസോം ഉണ്ടാക്കുന്നത്. നാവിൽ അലിയുന്ന ലിപോസോം, തിൻ ഫിലിം, ടാബ്ലറ്റ്, കാപ്‌സ്യൂൾ ലിപോസോം എന്നിങ്ങനെ വിവിധ ഡെലിവറി ആപ്ലിക്കേഷൻ ഗവേഷണം ഇവിടെ സാധ്യമാണ്.
പത്ത് കോടി രൂപ നിക്ഷേപത്തിൽ രൂപകൽപ്പന ചെയ്‌ത ഈ കേന്ദ്രത്തിൽ സ്വിറ്റ്സർലാൻഡ്, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുള്ള അത്യാധുനിക ഗവേഷണ യന്ത്രോപകരണങ്ങൾ സജ്ജീകരിച്ചു. വിവിധ തരത്തിലുള്ള മോളിക്യുലർ ഹോമോജിനിസേഴ്‌സ്, സ്പ്രൈ ഡ്രൈ മെഷീൻസ്, നാനോ മിൽ, ഫ്രീസ് ഡ്രൈ മെഷീൻസ്, എക്സ്ട്രൂഡർ, സ്‌ഫെറോനൈസർ, നാനോ കോട്ടിങ് മെഷീൻ എന്നിവ സജ്ജമാണ്.
ചാലക്കുടി അന്നനാട് സ്വദേശിയായ ഡോ. ശ്രീരാജ് ഗോപിയാണ് മോളിക്യൂൾസിന്റെ മാനേജിങ് ഡയറക്ടർ. സഹോദരൻ ശ്രീരാഗ് ഗോപി ഡയറക്ടറാണ്. ലിപോസോമലിന് മാത്രമായി ലോകത്ത് ആദ്യത്തെ ഗവേഷണ കേന്ദ്രമാണ് കൊരട്ടിയിൽ തുറക്കുന്നത്.
അതുവഴി കേരളത്തെ ലിപോസോമൽ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. സംസ്ഥാന സർക്കാരും വ്യവസായ വകുപ്പും മികച്ച പിന്തുണയാണ് നൽകുന്നത്. സെപ്‌തംബർ ഒന്നിന് ഗവേഷണ കേന്ദ്രം സമർപ്പിക്കും.









0 comments