മാഞ്ഞൂരിന്റെ "മിന്നൽമുരളി' തോമസുകുട്ടി ; കിണറ്റിൽച്ചാടി രക്ഷിച്ചത് 2 ജീവൻ

പി ബി തമ്പി
Published on Aug 21, 2025, 02:30 AM | 1 min read
കടുത്തുരുത്തി
മരണത്തിന്റെ ആഴത്തിൽനിന്ന് തോമസുകുട്ടി രാജു മുങ്ങിയെടുത്തത് രണ്ടുജീവൻ. കാൽവഴുതി കിണറ്റിൽവീണ രണ്ടരവയസുകാരി ലിനക്‌സിനും അച്ഛൻ സിറിലിനുമാണ് മാഞ്ഞൂരിലെ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് അംഗം തോമസുകുട്ടി രാജു രക്ഷകനായത്.
ഇരവിമംഗലം നെടുംനിലത്തെ ബെന്നിയുടെ വീട്ടിലെത്തിയതാണ് പാലക്കാട് മംഗലംഡാം സ്വദേശിയായ സിറിൽ സിറിയക്കും കുഞ്ഞും. കളിക്കുന്നതിനിടെ കൈവിട്ട് ഓടിയ കുട്ടി ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽവീണു, പിന്നാലെ അച്ഛൻ സിറിലും കിണറ്റിലേക്ക് ചാടി. സംഭവം നേരിൽക്കണ്ട തോമസുകുട്ടി നിമിഷങ്ങൾക്കകം പിന്നാലെ കിണറ്റിൽചാടി കുഞ്ഞിനെ വെള്ളത്തിൽനിന്ന് ഉയർത്തിപ്പിടിച്ചു. ഒപ്പം സിറിലിനെ രക്ഷപ്പെടാൻ സഹായിച്ചു.
കിണറിന്റെ അരഞ്ഞാണത്തിൽ വഴുക്കലുള്ളതിനാൽ മുക്കാൽ മണിക്കൂറോളം ഒരുകൈയിൽ കുഞ്ഞുമായി തോമസുകുട്ടി കയറിൽ തൂങ്ങിക്കിടന്നു. പിന്നീട് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ മൂവരെയും കരക്കെത്തിച്ചു. ചൊവ്വ പകൽ 3.45നായിരുന്നു സംഭവം. സിപിഐ എം മാഞ്ഞൂർ മുൻ ലോക്കൽ കമ്മിറ്റി അംഗവുമാണ് തോമസ്‌കുട്ടി.









0 comments