"വീടെന്ന സ്വപ്‌നം ബാക്കി"

കരുതിവച്ച ഓർമകൾ ബാക്കി ; 
രഞ്ജിത ഇനിയില്ല

renjitha Ahmadabad Plane Crash

രഞ്ജിതയുടെ മരണവിവരമറിഞ്ഞ്‌ കരയുന്ന അമ്മ തുളസിയും രഞ്ജിതയുടെ മക്കൾ ഇധികയും ഇന്ദുചൂഡനും

avatar
സി ജെ ഹരികുമാർ

Published on Jun 13, 2025, 01:41 AM | 2 min read


പുല്ലാട് (പത്തനംതിട്ട)

"വേർപെടുന്നൊരു കാറ്റിന് പറയാൻ കാലമരുളിയ സൗഹൃദമുണ്ട്,കാത്തുനിൽക്കും കനവിന് പകരാൻ കരുതിവച്ച ഓർമകളുണ്ട്. വിട പറയുകയല്ല നീ പുതുപേരിൽ ചേക്കേറുന്നു...' രഞ്ജിതയുടെ കുടുംബവീട്ടിലെ ഷെൽഫിലെ ഫോട്ടോയിൽ ഇങ്ങനെ കുറിച്ചിരുന്നു. വാക്കുകൾ അന്വർഥമാക്കി രഞ്ജിത മടങ്ങി.


പ്രവാസ ജീവിതത്തിന്റെ അവസാനമാസങ്ങൾ പൂർത്തിയാക്കാനുള്ള ഒരുക്കങ്ങളുമായി ലണ്ടനിലേക്ക്‌ തിരിച്ച രഞ്ജിതയുടെ യാത്ര മടങ്ങിവരാത്തതായി. പുല്ലാട് ആറാം വാർഡ് കൊഞ്ഞോൺ വീട്ടിൽ പരേതനായ ഗോപകുമാരൻനായരുടെ മകൾ രഞ്ജിത ജി നായർ(39) ആണ് അഹമ്മദാബാദിൽനിന്ന്‌ യുകെയിലേക്കുള്ള യാത്രയിൽ മരിച്ചത്. ജീവിത പ്രതിസന്ധികൾക്കിടയിലാണ് രഞ്ജിത വിദേശത്തുപോയത്. കുവൈത്തിലും മറ്റുമായി വർഷങ്ങൾ ജോലിചെയ്തു.


പിഎസ്‌സി വഴി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ലഭിച്ച ജോലിയിലെ അവധി പുതുക്കാനാണ് ലണ്ടനിൽനിന്ന് അഞ്ചുദിവസത്തെ അവധിക്ക് നാട്ടിലെത്തിയത്. കുടുംബവീടിന് സമീപത്ത് വീടുപണി ഏറെക്കുറെ പൂർത്തിയായി. ആഗസ്തിൽ സർക്കാർ ജോലിയിൽ പ്രവേശിച്ച് ഗൃഹപ്രവേശം നടത്താനിരിക്കെയാണ് മരണം.


ചെങ്ങന്നൂരിൽനിന്ന് ചെന്നൈയിൽ ട്രെയിൻ മാർഗം എത്തിയ രഞ്‌ജിത ഇവിടെനിന്ന് കണക്ടഡ് വിമാനത്തിൽ അഹമ്മദാബാദിലെത്തി. വിമാനത്തിൽ കയറുംമുമ്പ് അമ്മ തുളസിയുമായി സംസാരിച്ചിരുന്നു.


renjitha
മസ്‌കത്തിലെ ആശുപത്രിയിൽനിന്ന് മാറിയപ്പോൾ 
രഞ്‌ജിതയ്ക്ക്‌ സഹപ്രവർത്തകർ നൽകിയ ഉപഹാരം


"വീടെന്ന സ്വപ്‌നം ബാക്കി'

പുതിയ വീട്ടിൽ താമസിച്ച്‌ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നായിരുന്നു രഞ്‌ജിതയുടെ ആഗ്രഹം. വിദേശത്ത്‌ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന പുതുതലമുറയിൽനിന്ന്‌ വ്യത്യസ്‌തമായി സ്വന്തം നാട്ടിൽ വീടുവച്ച്‌ താമസിക്കാനുമാണ്‌ ആഗ്രഹിച്ചിരുന്നത്‌. കുടുംബവീടിന്‌ സമീപം വീട്‌ നിർമാണവും തുടങ്ങിയിരുന്നു. ജില്ലാ ആശുപത്രിയിലെ ജോലിയിൽ തിരികെ പ്രവേശിക്കേണ്ടതിനുള്ള നടപടിക്രമങ്ങൾക്കാണ് ഇത്തവണ രഞ്ജിത നാട്ടിലെത്തിയത്. അഞ്ച്‌ ദിവസത്തെ അവധിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയായിരുന്നു മടക്കം.


renjitha


ചെങ്ങന്നൂരിൽനിന്ന് ട്രെയിനിൽ കൊച്ചിയിലെത്തി വിമാനത്തിൽ ചെന്നൈയിലേക്കും പിന്നീട് അഹമ്മദാബാദിലേക്കും തിരിച്ചു. അഹമ്മദാബാദിൽ നിന്നായിരുന്നു ലണ്ടനിലേക്കുള്ള വിമാനം. ഈ യാത്രയിലാണ്‌ ജീവൻ പൊലിഞ്ഞത്‌.


ജനുവരിയിൽ വീടിന്റെ നിർമാണം തുടങ്ങുമ്പോൾ രഞ്ജിത നാട്ടിലെത്തിയിരുന്നു. നിർമാണം 75 ശതമാനത്തോളം പൂർത്തിയായി. പെയിന്റിങ് ജോലികളും ഇന്റീരിയർ ജോലികളുമാണ്‌ അവശേഷിക്കുന്നത്‌. ആഗസ്‌തിൽ നാട്ടിലേക്ക്‌ മടങ്ങാനായിരുന്നു തീരുമാനം. 2014ൽ ഒമാനിലാണ് ആദ്യമായി നഴ്സായി ജോലിയിൽ പ്രവേശിച്ചത്. ഇതിനിടെ 2019ൽ പിഎസ്‌സി മുഖേന സർക്കാരിൽ നഴ്‌സായി ജോലി ലഭിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണ് ജോലിചെയ്‌തിരുന്നത്. പിന്നീട് അവധിയെടുത്ത് ഒമാനിലേക്ക് പോയി. സലാലയിൽ ആരോഗ്യമന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സായിരുന്നു. സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലായിരുന്നു ജോലി. ഒരുവർഷം മുമ്പാണ് ലണ്ടനിൽ എൻഎച്ച്എസിൽ ജോലിയിൽ പ്രവേശിച്ചത്.


രഞ്‌ജിതയുടെ സഹോദരൻ 
അഹമ്മദാബാദിലേക്ക്

അഹമ്മദാബാദിൽ വിമാനാപകടത്തിൽ മരിച്ച പുല്ലാട്‌ സ്വദേശി രഞ്‌ജിതയുടെ മൃതദേഹം തിരിച്ചറിയാനായി സഹോദരൻ രതീഷ്‌ അഹമ്മദാബാദിന്‌ പോകും. മൃതദേഹങ്ങൾ തിരിച്ചറിയാൻ അടുത്ത ബന്ധുക്കളുടെ രക്‌തസാമ്പിൾ ശേഖരിച്ച്‌ ഡിഎൻഎ ടെസ്‌റ്റ്‌ ചെയ്യണം. രതീഷ്‌ വെള്ളി രാവിലെ ഗുജറാത്തിലേക്ക്‌ പുറപ്പെടും. യാത്രയ്‌ക്കുള്ള ഒരുക്കങ്ങൾ ജില്ലാ ഭരണകേന്ദ്രം ഒരുക്കുമെന്ന്‌ പത്തനംതിട്ട കലക്ടർ എസ്‌ പ്രേം കൃഷ്‌ണൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home