സംസ്ഥാനത്ത് റേഷൻകടകൾ പൂട്ടില്ല: മന്ത്രി ജി ആർ അനിൽ

g r anil
വെബ് ഡെസ്ക്

Published on Mar 26, 2025, 01:00 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളൊന്നും അടച്ചുപൂട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട്‌ വന്നിട്ടുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനിൽ. വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. റേഷൻ വ്യാപാരികൾ നേരിടുന്ന സാമ്പത്തികവും നിയമപരവും തൊഴിൽപരവുമായ പ്രശ്നങ്ങൾ പഠിച്ച് പരിഹാരങ്ങൾ നിർദേശിക്കുന്നതിനായി വകുപ്പുതലത്തിൽ രൂപീകരിച്ച സമിതിയുടെ റിപ്പോർട്ടിന്മേലുള്ള പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണറുടെ ശുപാർശകൾ ചർച്ച ചെയ്യുന്നതിനായാണ്‌ യോഗം കൂടിയത്. കെ -സ്റ്റോർ പദ്ധതിയിൽ പരമാവധി റേഷൻകടകളെ ഉൾപ്പെടുത്താനും ഇവ വഴി സർക്കാർ,- അർധസർക്കാർ, -പൊതുമേഖലാ -സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുമുള്ള കൂടുതൽ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുമുള്ള അനുമതി നൽകുന്നത് പരിഗണിക്കാനും യോഗം തീരുമാനിച്ചു.


റേഷൻ വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തും. റേഷൻ വ്യാപാരികൾ, സെയിൽസ്‌മാൻമാർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കായി സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്ന കാര്യം പരിഗണിക്കാനും തീരുമാനമായി. യോഗത്തിൽ ജി സ്റ്റീഫൻ എംഎൽഎ, ജി ശശിധരൻ, കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (സിഐടിയു) പി ജെ ജോൺ, മുൻ എംഎൽഎ ജോണി നെല്ലൂർ, ടി മുഹമ്മദലി, ഓൾ കേരള റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ സി മോഹനൻ പിള്ള, കെ ബി ബിജു, കാടാമ്പുഴ മൂസ, കെ സി സോമൻ, ടി ഹരികുമാർ, കുറ്റിയിൽ ശ്യാം, സുരേഷ് കാരേറ്റ്, എൽ സാജൻ, എ ഷെഫീക് എന്നിവരും പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home