രസിക ശിരോമണി സ്‌മാരക നാടക പുരസ്‌കാരം ജയചന്ദ്രൻ തകഴിക്കാരന്

ജയചന്ദ്രൻ തകഴിക്കാരൻ
കാസർകോട്: പ്രശസ്‌ത നാടകപ്രവർത്തകൻ കാഞ്ഞങ്ങാട്ടെ രസിക ശിരോമണി കോമൻ നായരുടെ സ്‌മരണക്കായി തിയറ്റർ ഗ്രൂപ്പ് കാഞ്ഞങ്ങാട് ഏർപ്പെടുത്തിയ നാലാമത് രസിക ശിരോമണി നാടക പുരസ്‌കാരത്തിന് നടൻ ജയചന്ദ്രൻ തകഴിക്കാരൻ അർഹനായി. 15000 രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവുമാണ് പുരസ്കാരം. രാജ്‌മോഹൻ നീലേശ്വരം, ഇ വി ഹരിദാസ്, ഉദയൻ കുണ്ടംകുഴി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ 35 വർഷങ്ങളായി നാടകം, നാടൻ പാട്ട്, വഞ്ചിപ്പാട്ട് തുടങ്ങിയ മേഖലകളിൽ സജീവമാണ് ജയചന്ദ്രൻ തകഴിക്കാരൻ. കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് നേടിയ അഞ്ചു നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2021ൽ കേരളാ ഫോക് ലോർ അക്കാദമി അവാർഡ് ലഭിച്ചു. അരളി അവാർഡ്, അക്ഷരപ്പെയ്ത്ത് അവാർഡ്, മലയാള പുരസ്‌കാരം, ഭരത് പി ജെ ആൻ്റണി മെമ്മോറിയൽ അവാർഡ്, കലാഭവൻ മണിഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഓടപ്പഴം അവാർഡ് എന്നിവ ലഭിച്ചു. രണ്ട് ഏകപാത്ര നാടകങ്ങൾ വേദികളിൽ അവതരിപ്പിച്ചു വരുന്നു.
നീലവെളിച്ചം, എബ്രഹാം ഓസ്ലർ, പെട്ടറാപ്പ് (തമിഴ്), കുമ്മാട്ടിക്കളി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തീയറ്റർ ഗ്രൂപ്പ് കാഞ്ഞങ്ങാട് ശോഭന ക്ലബ് രാവണീശ്വരം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ രാവണീശ്വരത്ത് വെച്ച് ഏപ്രിൽ 18, 19, 20 തീയതികളിൽ നടക്കുന്ന തിങ്കളും താരങ്ങളും കുട്ടികളുടെ നാടക ക്യാമ്പിനോട് അനുബന്ധിച്ച് 18ന് വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ പുരസ്‌കാരം സമ്മാനിക്കും.
കുട്ടികളിലെ നാടക പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യം മുൻനിർത്തി വർഷംതോറും തീയറ്റർ ഗ്രൂപ്പ് നടത്തുന്ന തിങ്കളും താരങ്ങളും നാടക ക്യാമ്പിൽ നാടക രംഗത്തെ പ്രമുഖർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും. ഉദയൻ കുണ്ടംകുഴിയാണ് ക്യാമ്പ് ഡയറക്‌ടർ. വാർത്തസമ്മേളനത്തിൽ എൻ മണിരാജ്, തീയറ്റർ ഗ്രൂപ്പ് ചെയർമാൻ കെ വി കൃഷ്ണൻ, കൺവീനർ സി നാരായണൻ, വിനീഷ് ബാബു, സി കെ ശശി നമ്പ്യാർ, രവീന്ദ്രൻ നീലേശ്വരം, ഗംഗാധരൻ പള്ളിക്കാപ്പിൽ എന്നിവർ പങ്കെടുത്തു.









0 comments