കണ്ണടച്ചാൽ ആ പുഞ്ചിരി

ദീപ്‌തി ജയമോഹൻ

സി ജെ ഹരികുമാർ
Published on Jun 14, 2025, 12:54 AM | 1 min read
പുല്ലാട്
അവളുടെ ചിരിക്കുന്ന മുഖമാണ് കണ്ണടച്ചാൽ. എല്ലാവരെയും ചിരിച്ചുകൊണ്ട് സ്വീകരിക്കുന്നയാളായിരുന്നു രഞ്‌ജിത. ഉള്ളിൽ ദുഃഖമുണ്ടെങ്കിലും പുഞ്ചിരിക്കാത്ത മുഖവുമായി ഒരിക്കലും കാണാനായിട്ടില്ല. പറയുമ്പോൾ കളിക്കൂട്ടുകാരി ദീപ്‌തി ജയമോഹൻ പലപ്പോഴും വിതുമ്പി.
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പുല്ലാട് സ്വദേശി രഞ്‌ജിതയുടെ അടുത്ത സുഹൃത്താണ് കിടങ്ങന്നൂർ എസ്‌പിജിവി എച്ച്‌എസ്‌എസ് അധ്യാപിക ദീപ്‌തി ജയമോഹൻ. "ഒരേ നാട്ടുകാരാണ് ഞങ്ങൾ, അയൽക്കാർ. ചിരിച്ച മുഖമായിരുന്നു അവളുടെ പ്ലസ് പോയിന്റ്. അത് പണ്ടും ഇന്നും ഒരുപോലെ തന്നെ. വെല്ലുവിളികളെ, ബുദ്ധിമുട്ടുകളെ സങ്കടങ്ങളെയെല്ലാം അതിജീവിച്ച് വിജയം നേടിയ സ്ത്രീയാണവൾ. ബഹുമാനത്തോടെയെ അവളെ ഓർക്കാനാകൂ.' ദീപ്‌തിയുടെ മകനും രഞ്‌ജിതയുടെ മൂത്തമകൻ ഇന്ദുചൂഡനും അടുത്ത കൂട്ടുകാർ.
എട്ടാംക്ലാസ് വരെ മസ്‌കത്തിലെ സ്‌കൂളിൽ പഠിച്ച ഇന്ദുചൂഡൻ കഴിഞ്ഞ വർഷമാണ് നാട്ടിലെത്തി പുല്ലാട് എസ്‌വിഎച്ച്‌എസ്‌എസിൽ ചേർന്നത്. അന്നുമുതൽ ദീപ്‌തിയുടെ മകൻ മാധവുമായി അടുത്ത ബന്ധമുണ്ട്. മിക്കവാറും മാധവിന്റെ വീട്ടിലും കൂട്ടുകാരനെത്തുമായിരുന്നു. പഠിക്കുന്ന കാലത്തെ മിടുക്കിയായിരുന്നു രഞ്‌ജിതയെന്ന് ദീപ്‌തി പറഞ്ഞു. പാട്ടിനും നൃത്തത്തിനുമെല്ലാം ചേരുമായിരുന്നു. തന്നെക്കാളും മൂന്നുവയസ് ചെറുതാണെങ്കിലും നല്ല അടുപ്പമുണ്ടായിരുന്നു.
പുല്ലാട് വിവേകാനന്ദ ഹൈസ്‌കൂളിലും തുരുത്തിക്കാട് ബിഎഎം സ്‌കൂളിലുമായിരുന്നു രഞ്‌ജിതയുടെ സ്‌കൂൾ വിദ്യാഭ്യാസം. പന്തളം എൻഎസ്‌എസ് മെഡിക്കൽ മിഷൻ നഴ്‌സിങ് കോളേജിലായിരുന്നു നഴ്‌സിങ് പഠനം. ദാമ്പത്യജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടനുഭവിച്ച രഞ്‌ജിത വിവാഹമോചനം നേടി. രഞ്‌ജിതയെ അവസാനമായി കാണാനും സാധിച്ചില്ലല്ലോയെന്നാണ് ദീപ്‌തിയുടെ വലിയ ദുഃഖം. വിവരമറിഞ്ഞയുടൻ കുടുംബവീട്ടിലെത്തിയിരുന്നു. കുട്ടികളെ ആശ്വസിപ്പിക്കാനായില്ല... അവർക്കിനിയാരുണ്ട്... ദീപ്‌തിയുടെ വാക്കുകൾ മുറിഞ്ഞു.
0 comments