‘ടീച്ചർ ഇന്ത ഇടത്തിലെ ടീച്ചിങ് മെത്തേഡ് സൂപ്പർ’

ഇൗരാറ്റുപേട്ട
‘ടീച്ചർ ഇന്ത ഇടത്തിലെ ടീച്ചിങ് മെത്തേഡ് സൂപ്പർ. പഠിപ്പുക്കും തകുതിക്കും തകുന്ത വേല കെടച്ചാച്ച്. ആനാൽ കൂലി കമ്മി’. കേരളത്തിലെ പഠനരീതിയെയും ഉയർന്ന കൂലിയെയുംകുറിച്ച് ഈരാറ്റുപേട്ട ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കൂലിപ്പണിക്ക് വന്ന രംഗനാഥന്റെ വാക്കുകളിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും സാമൂഹ്യജീവിതം തെളിയുന്നു. തൊഴിലാളിയുടെ വാക്കു കേട്ട് പ്രിൻസിപ്പൽ ഷീജ സലിം ആദ്യം അമ്പരന്നെങ്കിലും പണിക്കൂലിക്കായുള്ള വൗച്ചറിലെ എഴുത്ത് കണ്ടപ്പോൾ കൂടുതൽ അന്വേഷിച്ചു. പേര് എം രംഗനാഥൻ. വിദ്യാഭ്യാസം എംഎ എംഎഡ്. തേനി ജില്ലയിൽ ഉത്തമപാളയം താലൂക്കിൽ കോംബേ നിവാസി.
തമിഴ്നാട്ടിൽ ഉയർന്ന പഠിപ്പുണ്ടെങ്കിലും യോജിച്ച തൊഴിലും കൂലിയുമില്ലെന്ന് രംഗനാഥൻ പറയുന്നു. സ്കൂൾ വളപ്പിൽ പണിയെടുക്കുമ്പോൾ ഇടയ്ക്കിടെ ക്ലാസ് മുറിയിലേക്ക് നോക്കിനിൽക്കുന്നത് കണ്ടാണ് പ്രിൻസിപ്പൽ വിളിപ്പിച്ചത്.
നാട്ടിൽ അധ്യാപകനായിരുന്നു. ശമ്പളം കുറവായതിനാൽ മറ്റ് തൊഴിലും നോക്കി. പിന്നീട് കേരളത്തിലെത്തി. തമിഴ്നാട്ടിലേക്കാളും 300 രൂപ കൂടുതൽ ദിവസക്കൂലി ലഭിക്കും. ദിവസം 1100 രൂപ. ആദ്യം പെരുമ്പാവൂരിലായിരുന്നു ജോലി. അവിടുന്ന് മിച്ചംപിടിച്ച തുകയ്ക്കാണ് എംഎഡ് പഠിച്ചത്. ഇനി വക്കീലാകണം. പഠിച്ച് സർക്കാർജോലി നേടണം.
രംഗനാഥന്റെ ജീവിതം പ്രചോദനമാകണമെന്ന് കരുതിയ അധ്യാപിക കുട്ടികൾക്ക് ക്ലാസെടുപ്പിച്ചു. "നല്ലത് വറും’ .... എന്ന് ബോർഡിൽ കുറിച്ച് ജീവിതാനുഭവത്തിന്റെ പാഠം കുട്ടികൾക്ക് പകർന്നു. വിദ്യാധനമാണ് പ്രധാനം. ക്ലാസ് മുറികൾ ഇപ്പോൾ വിരസമെങ്കിലും പിന്നീട് അവ മധുരിക്കും. നല്ല മനുഷ്യനാകണം എന്നായിരുന്നു കുട്ടികൾക്കുള്ള ഉപദേശം.
കോംബെ യിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മധുര അമേരിക്കൻ കോളേജിൽനിന്ന് ബിരുദം. മധുര കാമരാജ് സർവകലാശാലയിൽനിന്ന് തമിഴിൽ ബിരുദാനന്തര ബിരുദം. പിന്നീട് ബിഎഡും എംഎഡും നേടി. ഒരു വർഷം മുമ്പാണ് ഇൗരാറ്റുപേട്ടയിലെത്തിയത്. കോംബെയിലെ മുരുകേശ്വരന്റെയും സരസ്വതി അമ്മയുടെയും മകനാണ് ഇൗ മുപ്പത്താറുകാരൻ. ഭാര്യ ആർ സെൽവി ലാബ് ടെക്നീഷ്യയാണ്. മകൻ എൽകെജി വിദ്യാർഥി ദേശികൻ.









0 comments