സിപിഐ പാർടി കോൺഗ്രസ്
തൊണ്ണൂറാം വയസിൽ രാംജിയെത്തി; കടല് കടന്ന്


AKSHAY K P
Published on Sep 22, 2025, 08:59 PM | 1 min read
മൊഹാലി: യുകെയിൽ മകളുടെ വീട്ടിൽ താമസിക്കാൻ പോയ 90 കാരനായ രാംജി ദാസ് ബസി സെപ്‌തംബർ അവസാനമായിരുന്നു നാട്ടിൽ തിരിച്ചെത്തേണ്ടിയിരുന്നത്. എന്നാൽ സിപിഐ 25–ാം പാർടി കോൺഗ്രസ് ചണ്ഡിഗഡിൽ നടക്കുന്നു എന്നറിഞ്ഞതോടെ വരവ് നേരത്തെയാക്കി. പഞ്ചാബ് മൊഹാലിയിലെ മണ്ഡി ബോർഡിൽ വച്ച് നടന്ന പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ രാംജി ദാസുമുണ്ടായിരുന്നു, ചെങ്കൊടിയേന്തി ആവേശ പൂർവം ഇൻക്വിലാബ് വിളിക്കാൻ. ദിവസങ്ങൾക്ക് മുൻപാണ് പാർടി കോൺഗ്രസിന്റെ ഭാഗമാകുന്നതിനായി ലുധിയാനക്കാരനായ രാംജി പ്രായത്തിന്റെ അവശതകൾ മറന്ന് തിരിച്ച് ഇന്ത്യയിലെത്തിയത്.
നാല് മക്കളാണ് രാംജിക്കുള്ളത്. അതിൽ ഏറ്റവും ഇളയവളായ സുരേന്ദർ ചഹുത ബസിയുടെ കൂടെ കുറച്ച് കാലം ചിലവഴിക്കുന്നതിനായാണ് യുകെയിൽ പോയത്. പാർടി കോൺഗ്രസിന് സമയമായപ്പോൾ യുകെയിൽ ഇരിക്കപ്പൊറുതി കിട്ടാതിരുന്ന രാംജി പെട്ടന്ന് വിമാനം പിടിക്കുകയായിരുന്നു. മധുരയിൽ വച്ച് നടന്ന സിപിഐ എം പാർടി കോൺഗ്രസിൽ പങ്കെടുക്കാൻ പറ്റാത്തതിന്റെ വിഷമം രാംജി പ്രകടിപ്പിക്കുന്നുണ്ട്. സീതാറാം യെച്ചൂരിയുടെ വിയോഗം ഒരുപാട് സങ്കടപ്പെടുത്തിയെന്നും വർഗീയതക്കെതിരായുള്ള പോരാട്ടത്തിൽ എല്ലാവരെയും അദ്ദേഹം ഒരുകുടക്കീഴിൽ എത്തിച്ചെന്നും പറയുന്നു. ഇന്ത്യയിലെ വർഗീയ ഭരണകൂടത്തിനെതിരെ വിട്ടുവീഴച്ചയില്ലാത്ത പോരാടണമെന്നും ലുധിയാനക്കാരാനായ രാംജി ദാസ് ബസ്സി പറയുന്നു.









0 comments