തരൂരിന് വേണേൽ കോൺഗ്രസ് വിടാം; രക്തസാക്ഷി പരിവേഷം നൽകാൻ പാർടി തയ്യാറല്ല; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: തരൂരിന് വേണമെങ്കിൽ കോൺഗ്രസിന് പുറത്ത് പോകാമെന്നും നടപടി സ്വീകരിച്ച് രക്തസാക്ഷി പരിവേഷത്തോടെ പാർടി വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിന് കോൺഗ്രസ് തയ്യാറല്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. എന്താണേലും കോൺഗ്രസിന് ഗുണമുള്ള പ്രവർത്തനമല്ല തരൂർ നടത്തുന്നതെന്ന് വ്യക്തമാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
ബിഹാർ തെരഞ്ഞെടുപ്പ് ഘട്ടത്തിലും ശേഷവും കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും നിശിതമായി വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പുകഴ്‌ത്തി പ്രവർത്തകസമിതിയംഗം ശശി തരൂർ കഴിഞ്ഞയാഴ്ച രംഗത്ത് വന്നിരുന്നു. രാംനാഥ് ഗോയങ്ക അനുസ്‌മരണ പ്രഭാഷണത്തിൽ മോദിക്കൊപ്പം പങ്കെടുക്കാനായതിൽ സന്തോഷമുണ്ടെന്നും തരൂർ അന്ന് പറഞ്ഞു.
‘ഇന്ത്യയുടെ പുരോഗതിക്കായി അക്ഷീണം യത്‌നിക്കാൻ പ്രധാനമന്ത്രി ആഹ്വാനം നൽകി. മെക്കാളെ സൃഷ്‌ടിച്ചതും 200 വർഷമായി തുടരുന്നതുമായ അടിമ മനോഭാവത്തെ മാറ്റിയെടുക്കുന്നതിനുള്ള പ്രതിജ്‌ഞാബദ്ധത പ്രകടമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഇന്ത്യയുടെ പൈതൃകത്തിലും ഭാഷയിലും വിജ്‌ഞാന സംവിധാനങ്ങളിലുമുള്ള അഭിമാനം പുനഃസ്ഥാപിക്കുന്നതിനായി 10 വർഷത്തെ ഒരു ദേശീയ പദ്ധതിയും അദ്ദേഹം വിഭാവനംചെയ്‌തു–തരൂർ സമൂഹമാധ്യമത്തിൽ കുറിച്ചു.
മോദിയെ തുടർച്ചയായി പുകഴ്‌ത്തുന്ന തരൂർ കഴിഞ്ഞ ദിവസം ഒരു ലേഖനത്തിലൂടെ നെഹ്‌റു കുടുംബത്തെ നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു.
ബാബ്‌റി മസ്‌ജിദ് തകർത്ത് രാജ്യത്ത് ധ്രുവീകരണം രൂക്ഷമാക്കാൻ കാർമികത്വം വഹിച്ച ബിജെപി സ്ഥാപകനേതാവ് എൽ കെ അദ്വാനിയുടെ ജന്മദിനത്തിൽ ആശംസയുമായി ശശി തരൂർ എംപി രംഗത്തെത്തിയതും കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. പൊതുജനസേവനത്തോടുള്ള അദ്വാനിയുടെ അചഞ്ചലമായ പ്രതിബദ്ധത, എളിമ, മാന്യത, ആധുനിക ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എന്നിവ ഒരിക്കലുംമായില്ല. യഥാർഥ രാഷ്ട്രതന്ത്രജ്ഞനാണ് അദ്ദേഹമെന്നും അദ്വാനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് തരൂർ കുറിച്ചു.
അദ്വാനി നടത്തിയ രഥയാത്ര സ്വതന്ത്ര ഇന്ത്യയുടെ ആത്മാവിന് ഏൽപ്പിച്ച മുറിവാണെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഡ്‌ഗെ, തരൂരിനെ തിരുത്തി. രാജ്യത്ത് "വെറുപ്പിന്റെ വ്യാളി വിത്തുകൾ’ അഴിച്ചുവിടുന്നത് പൊതുസേവനമല്ല’– എന്നും ഖുശ്വന്ത് സിങ്ങിനെ ഉദ്ധരിച്ച് ഹെഗ്‌ഡെ പറഞ്ഞു. ഇതിനുള്ള മറുപടിയിൽ, അദ്വാനിയുടെ നീണ്ട സേവനകാലത്തെ ഒരു സംഭവത്തിലേക്ക് ചുരുക്കുന്നത് അന്യായമാണെന്ന് തരൂർ ന്യായീകരിച്ചു.
ചൈനയിൽ നിന്നേറ്റ തിരിച്ചടികൊണ്ട് നെഹ്‌റുവിനെയോ അടിയന്തരാവസ്ഥയുടെ പേരിൽ ഇന്ദിരാ ഗാന്ധിയേയോ വിലയിരുത്താനാകില്ലെന്നും അദ്വാനിയോട് അതേ മര്യാദ കാട്ടണമെന്നും തരൂർ കൂട്ടിച്ചേർത്തു. കുടുംബവാഴ്‌ച ജനാധിപത്യത്തിന് ഭീഷണിയാണെന്ന തരൂറിന്റെ ലേഖനം കോൺഗ്രസിനെതിരെ ബിഹാർ തെരഞ്ഞെടുപ്പിലടക്കം ബിജെപി ആയുധമാക്കവെയാണ് വീണ്ടും വിവാദ പരാമർശമുണ്ടായത്. ഇൗ വിഷയത്തിലും ശക്തമായ പ്രതികരണത്തിന് കോൺഗ്രസ് തയ്യാറായിരുന്നില്ല.









0 comments