മാധ്യമങ്ങൾ രാജ്‌ഭവനിലെ തെറ്റായ രീതികളെയും ഭരണഘടനാ ലംഘനങ്ങളെയും തുറന്നുകാട്ടാൻ തയ്യാറാകുന്നില്ല
ആരിഫിന്റെ വഴിയേ ആർലേക്കറും


സി കെ ദിനേശ്
Published on Jun 21, 2025, 12:51 AM | 1 min read
തിരുവനന്തപുരം
കേരളത്തിന്റെ ചരിത്രത്തിലില്ലാത്തവിധം വിവാദങ്ങൾകൊണ്ടും തെറ്റായ തീരുമാനങ്ങൾകൊണ്ടും രാജ്‌ഭവനെ മലീമസമാക്കിയ മുൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ വഴിയേ പുതിയ ഗവർണർ രാജേന്ദ്ര ആർലേക്കറും.
സ്വകാര്യമായ വിശ്വാസങ്ങളെയും ആരാധനകളെയും ഭരണഘടനാ സ്ഥാപനമായ രാജ്‌ഭവന്റെ ഔദ്യോഗിക ചിഹ്നമാക്കി മാറ്റുന്ന ഗവർണറുടെ കടുംപിടുത്തത്തിനെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്തുള്ളത്. കാവിക്കൊടിയേന്തിയ സ്‌ത്രീരൂപം ആർഎസ്‌എസിന്റെ മാത്രം പ്രതീകമാണ്. കേരളീയസമൂഹം പൊതുവിൽ ഇന്നോളം അത്തരമൊരു ചിത്രത്തെ ആരാധിച്ചിട്ടില്ല. മതനിരപേക്ഷ, ജനാധിപത്യസമൂഹവും ഭരണഘടനാ വിദഗ്ധരും രാജ്‌ഭവൻ നടപടികളിൽ ആശങ്കയുള്ളവരാണ്.
സംസ്ഥാന മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കേണ്ട ഗവർണർ ഭരണഘടനാതത്വങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ച് പ്രവർത്തിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയായിട്ടാണ് പൊതുവിലയിരുത്തൽ.
മുൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഉന്നതവിദ്യാഭ്യാസ മേഖലയിലും സർക്കാരിനും വിദ്യാർഥി സംഘടനകൾക്കുമെതിരെ എടുത്ത തെറ്റായ നിലപാടുകൾ സംഘർഷാവസ്ഥയിലേക്കാണ് എത്തിച്ചത്. അക്കാലത്തെ ബഹുഭൂരിപക്ഷം തീരുമാനങ്ങളും നിലപാടുകളും നിയമവിരുദ്ധമായിരുന്നുവെന്ന് കോടതികളിൽ തെളിഞ്ഞു.
ആരുമായും ഏറ്റുമുട്ടുക സർക്കാർ നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പലകുറി വ്യക്തമാക്കിയിട്ടുള്ളതാണ്. സംസ്ഥാനത്തെ ജനങ്ങൾക്കാവശ്യമായ വികസനവും ക്ഷേമവും പരമാവധി നൽകുക എന്നതാണ് ലക്ഷ്യം. തെറ്റായ തീരുമാനങ്ങളെ രാഷ്‌ട്രീയമായും നിയമപരമായും ചോദ്യംചെയ്യാൻ മടിക്കാറുമില്ല.
സർക്കാരുമായി സംഘർഷമുണ്ടാക്കുക ലക്ഷ്യമല്ലെന്നായിരുന്നു ആർലേക്കർ ഗവർണറായി വന്നശേഷം ഉണ്ടാക്കിയ പ്രതീതി. എന്നാൽ പിന്നീട് നിലപാട് മാറുന്നതാണ് കണ്ടത്. ഏതാനും മാധ്യമങ്ങളും സർവകലാശാല രക്ഷകരായി നടിക്കുന്ന ചിലരും ഉൾപ്പെടെയുള്ള ഉപജാപക സംഘം രാജ്‌ഭവനിൽ വീണ്ടും പിടിമുറുക്കിയതായും പറയുന്നു. രാജ്‌ഭവനിലെ ഇടനാഴിയിലുള്ള ഒരുസംഘവും ഇതോടാപ്പമുണ്ട്.
സർക്കാരും ഗവർണറും ഏറ്റുമുട്ടുന്നുവെന്ന് ആഘോഷിക്കുന്ന മാധ്യമങ്ങൾ രാജ്‌ഭവനിലെ തെറ്റായ രീതികളെയും ഭരണഘടനാ ലംഘനങ്ങളെയും തുറന്നുകാട്ടാൻ തയ്യാറാകുന്നില്ല.









0 comments