വൈസ് ചാന്‍സലര്‍ നിയമനം ; നിയമോപദേശം തേടി ചാന്‍സലര്‍

തിരുവനന്തപുരം
സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ നിയമോപദേശം തേടി ചാൻസലർ. വിസി നിയമനത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമപദേശം തേടിയതെന്ന് രാജ്ഭവൻ അറിയിച്ചു. മുൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ നടത്തിയ വിസി നിയമനങ്ങളിലും സെർച്ച് കമ്മിറ്റി രൂപീകരണത്തിലും തുടർച്ചയായി കോടതിയിൽ നിന്ന് തിരിച്ചടി വന്ന സാഹചര്യത്തിലാണ് തീരുമാനം.
അതേസമയം, കോടതി ഉത്തരവിനെതിരെ ഗവർണർ അപ്പീലിന് പോകുമെന്ന തരത്തിലുള്ള പ്രചരണം സേവ് യൂണിവേഴ്സിറ്റി ഫോറമെന്ന സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഗവർണറായിരുന്ന ആരിഫ് മൊഹമ്മദ് ഖാനെ കുരുക്കിലാക്കിയ തീരുമാനങ്ങൾക്ക് ഒത്താശ നൽകിയത് ഈ സംഘമാണ്. ഈ തീരുമാനങ്ങളെല്ലാം പലപ്പോഴൂം കോടതിയിൽ വിമർശിക്കപ്പെട്ടിരുന്നു.
സാങ്കേതിക സർവകലാശാലാ വിസിയായി ഡോ. കെ ശിവപ്രസാദിനെയും ഡിജിറ്റൽ സർവകലാശാലാ വിസിയായി ഡോ. സിസാ തോമസിനെയും ഗവർണർ നിയമിച്ചതിനെതിരെ സർക്കാർ നൽകിയ കേസിൽ തിങ്കളാഴ്ച വിധി വന്നിരുന്നു. മുൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ നടത്തിയ താത്ക്കാലിക വിസി നിയമനം സർവകലാശാല ചട്ടത്തിന് വിരുദ്ധമാണെന്നും സർക്കാർ പാനലിൽ നിന്ന് നിയമനം നടത്തണമെന്നുമായിരുന്നു വിധി. നിലവിൽ ആരോഗ്യസർവകലാശാലയിൽ മാത്രമാണ് സ്ഥിരം വിസിയുള്ളത്. അതിനാൽ, ഈ വിധി സംസ്ഥാനത്തെ മറ്റ് സർവകലാശാലകൾക്കും ബാധകമായിരിക്കും. സർവകലാശാലകളുടെ സ്ഥിര വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരണവും തുടർനടപടികളും സർക്കാർ സ്വീകരിച്ചുവരികയാണ്.









0 comments