print edition രാജീവ് ചന്ദ്രശേഖറിന്റെ ഭൂമി കുംഭകോണം; കണ്ടഭാവമില്ലാതെ ഏഷ്യാനെറ്റും ശിങ്കിടികളും


സ്വന്തം ലേഖകൻ
Published on Oct 30, 2025, 01:28 AM | 2 min read
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കർണാടകത്തിൽ വൻ ഭൂമികുംഭകോണം നടത്തിയതായുള്ള ആരോപണം തെളിവുസഹിതം പുറത്തുവന്നിട്ടും കണ്ട ഭാവം നടിക്കാതെ ഏഷ്യാനെറ്റ് അടക്കമുള്ള മുഖ്യധാര മാധ്യമങ്ങൾ. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റിനെ കൂടാതെ മനോരമ, മാതൃഭൂമി തുടങ്ങിയ ചാനലകളും വാർത്ത മുക്കി.
വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ കൃത്യമായ മറുപടി പറയാൻ രാജീവിനോ ബിജെപി സംസ്ഥാന നേതൃത്വത്തിനോ കഴിഞ്ഞിട്ടില്ല. വാർത്താസമ്മേളനം നിർത്തി സ്ഥലം വിട്ട പ്രസിഡന്റ് തിടുക്കത്തിൽ ബംഗളൂരുവിലേക്ക് പറക്കുകയും ചെയ്തു. കർണാടകത്തിൽ ഒൗദ്യോഗികമായി തന്നെ പരാതി നൽകിയ സാഹചര്യത്തിലാണ് വാർത്ത പുറത്തുവന്നത്. തുടർ നടപടി സ്വീകരിക്കാത്ത കോൺഗ്രസ് ഭരിക്കുന്ന കർണാടക സർക്കാരിന്റെ അനങ്ങാപ്പാറ നയവും വാർത്തയല്ല.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ആരെങ്കിലും രാജ്യത്ത് ഏതെങ്കിലും പൊലീസ് സ്‌റ്റേഷനിലോ കോടതിയിലോ പരാതി കൊടുക്കുമെന്ന് അറിഞ്ഞാൽ ഉടൻ 24 മണിക്കൂർ സർക്കാർ വിരുദ്ധ ചർച്ച നടത്തുന്ന ചനലുകളാണിവ. സിപിഐ എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ എന്തെങ്കിലും ആരോപണം വന്നാലും ‘ ബ്രേക്കിങ് ന്യൂസ് ’ അടിക്കും. നിഷ്‌പക്ഷരെന്ന് നടിക്കുന്ന ഇൗ ചാനലുകളാണ് നാണമേതുമില്ലാതെ ബിജെപി യേയും കോൺഗ്രസിനേയും കൈ അയഞ്ഞ് സഹായിക്കുന്നത്.
ബിജെപി–കോൺഗ്രസ് അന്തർധാര: എം ബി രാജേഷ്
ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ കർണാടകത്തിലെ ഭൂമി കുംഭകോണത്തിൽ ബിജെപി–കോൺഗ്രസ് അന്തർധാരയുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. രാജീവ് ചന്ദ്രശേഖറും കർണാടകത്തിലെ കോൺഗ്രസ് സർക്കാരുമാണ് ഇതിൽ ഉത്തരം നൽകേണ്ടത്. എന്ത് നടപടിയാണ് കർണാടക സർക്കാർ സ്വീകരിച്ചതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലുമൊക്കെ വ്യക്തമാക്കട്ടെയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് ആക്രോശിച്ചിട്ടും മാധ്യമങ്ങൾക്ക് അതിൽ കാര്യമായി പ്രതിഷേധമില്ല. ഇവർക്ക് പ്രത്യേക പ്രിവിലേജ് ഉണ്ടോ. ഇടതുപക്ഷത്തുള്ള ആരെങ്കിലുമായിരുന്നെങ്കിൽ ഇതായിരിക്കില്ലല്ലോ രീതി എന്നും മന്ത്രി ചോദിച്ചു.
മറച്ചുവയ്ക്കാൻ കോൺഗ്രസ്–ബിജെപി ഡീൽ
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ ഗുരുതരമായ ഭൂമി കുംഭകോണ പരാതി വന്നിട്ടും കർണാടകത്തില കോൺഗ്രസ് സർക്കാർ അനങ്ങുന്നില്ലെന്ന് എ എ റഹിം എംപി പറഞ്ഞു. അന്വേഷണവും പ്രഖ്യാപിച്ചിട്ടില്ല. ബിജെപി ആണോ കോൺഗ്രസാണോ അവിടെ ഭരിക്കുന്നതെന്നതിൽ സംശയമുണ്ട്. ഇതിന് പിന്നിൽ രാജീവ് ചന്ദ്രശേഖറും കെ സി വേണുഗോപാലും തമ്മിലുള്ള ഡീൽ ആണ്. ‘ രാഷ്‌ട്രീയ നേതാവാകുന്പോൾ ആരോപണമൊക്കെ വരില്ലേ ’ എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണത്തിൽ നിന്ന് കോൺഗ്രസ് നിലപാട് വ്യക്തമാണ്. പിഎം ശ്രീ തങ്ങൾ ഭരിച്ച സംസ്ഥാനങ്ങളിൽ ആദ്യം നടപ്പാക്കിയ കോൺഗ്രസിന് സംസ്ഥാന സർക്കാരിനെ വിമർശിക്കാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.









0 comments