രാജ്‌ഭവനെ ആർഎസ്‌എസ്‌ ശാഖയാക്കാൻ അനുവദിക്കില്ല ; ഇന്ന്‌ തൊഴിലാളി മാർച്ച്‌

Rajbhavan March
വെബ് ഡെസ്ക്

Published on Jun 21, 2025, 12:52 AM | 1 min read


തിരുവനന്തപുരം

ഭരണഘടനാ സ്ഥാപനമായ രാജ്‌ഭവനെ ആർഎസ്എസ് ശാഖയാക്കാൻ അനുവദിക്കില്ലെന്ന്‌ സിഐടിയു. സ്‌കൗട്ട്സ് ആൻഡ്‌ ഗൈഡ്‌സിന്റെ രാജ്യപുരസ്‌കാര പരിപാടിയെ അലങ്കോലമാക്കിയത് രാജ്‌ഭവനാണ്. ആർഎസ്എസ് ശാഖയിലെ ‘ഭാരതാംബ’ ചിത്രവും കാവിപതാകയുമല്ല രാജ്ഭവനിൽ ഗവർണർ സ്ഥാപിക്കേണ്ടത്. അരിവാൾ ചുറ്റിക പതിപ്പിച്ച ചുവന്നപതാക മന്ത്രി വി ശിവൻകുട്ടി അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിലോ മന്ത്രി ഓഫീസിലോ വച്ചിട്ടുണ്ടോ?. ഇന്ത്യയാണ് തന്റെ രാജ്യമെന്നും ഭരണഘടനയാണ് രാജ്യത്തിന്റെ നട്ടെല്ലെന്നും മറ്റൊരു രാഷ്ട്രസങ്കൽപ്പവും ഭരണഘടനയ്‌ക്ക് മുകളിലില്ലെന്നും പറഞ്ഞ് രാജ്‌ഭവനിലെ ചടങ്ങ് ബഹിഷ്‌കരിച്ച മന്ത്രി, രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിച്ചു.


ഭരണഘടനാസന്ദേശം ഉയർത്തിപ്പിടിച്ച മന്ത്രിയുടെ വസതിയിലേക്ക് ബിജെപി മാർച്ച് നടത്തിയത്‌ തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിനു തുല്യമാണ്‌. ട്രേഡ്‌ യൂണിയൻ നേതാവുകൂടിയായ മന്ത്രിയെ ആക്ഷേപിക്കാനും അപമാനിക്കാനും മുതിർന്നാൽ സിഐടിയു കൈയുംകെട്ടി നോക്കിനിൽക്കില്ല.


രാജ്‌ഭവനെ ആർഎസ്‌എസ്‌ ശാഖയാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ ശനി രാവിലെ 10ന്‌ സിഐടിയു നേതൃത്വത്തിൽ തൊഴിലാളികൾ രാജ്‌ഭവനിലേക്ക്‌ മാർച്ച്‌ നടത്തുമെന്നും പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണനും ജനറൽ സെക്രട്ടറി എളമരം കരീമും പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home