നിലപാട്‌ തിരുത്താതെ 
 ഗവർണർ

കാവിക്കൊടിപിടിച്ച സ്‌ത്രീയുടെ ചിത്രം ; രാജ്‌ഭവന്‌ പിടിവാശി , സംഘർഷത്തിനും ശ്രമം

Rajbhavan
വെബ് ഡെസ്ക്

Published on Jun 22, 2025, 03:16 AM | 1 min read


തിരുവനന്തപുരം

ആർഎസ്‌എസ്‌ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ സ്‌ത്രീയുടെ ചിത്രം ഔദ്യോഗിക പരിപാടികളിൽ ഉപയോഗിക്കുമെന്ന രാജ്‌ഭവന്റെ പിടിവാശിയിൽ സംസ്ഥാന വ്യാപക പ്രതിഷേധവും സംഘർഷവും. വിദ്യാർഥികളും യുവജനസംഘടനകളും തൊഴിലാളികളുമടക്കം രാജ്‌ഭവനെതിരെ പ്രതിഷേധവുമായി ശനിയാഴ്‌ച രംഗത്തെത്തി. കോഴിക്കോട്‌ ബിജെപി പ്രവർത്തകർ മന്ത്രി വി ശിവൻകുട്ടിയെ തടയാൻ ശ്രമിച്ചത്‌ സംഘർഷത്തിനിടയാക്കി.


ഭരണഘടനാ സ്ഥാപനമായ രാജ്‌ഭവനെ ആർഎസ്‌എസ്‌ കാര്യാലയമാക്കുന്ന ശ്രമത്തിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിച്ചിട്ടും ഗവർണർ നിലപാട്‌ തിരുത്തിയിട്ടില്ല. അതേസമയം, ചിത്രം സംബന്ധിച്ച്‌ ബിജെപി യിലും തർക്കം ഉടലെടുത്തു. ബിജെപിയുടെ ഔദ്യോഗിക പേജിൽ കാവിക്കൊടിക്ക്‌ പകരം ദേശീയപതാക പിടിച്ച സ്‌ത്രീയുടെ ചിത്രം പങ്കുവച്ചിരുന്നു. രാജ്‌ഭവനിൽ ആർഎസ്‌എസ്‌ പിടിമുറുക്കിയതിലുള്ള നീരസം കൂടിയാണ്‌ ബിജെപി പങ്കുവയ്ക്കുന്നതെന്നാണ്‌ വിവരം. രാജ്‌ഭവനിലെ കാവിക്കൊടി പിടിച്ച സ്‌ത്രീയുടെ ചിത്രം സംബന്ധിച്ച വിവാദത്തിൽ പ്രതികരിക്കാൻ കേന്ദ്രമന്ത്രി ജോർജ്‌ കുര്യൻ വിസമ്മതിച്ചു. രാജ്‌ഭവനിൽ നടക്കുന്ന പല പരിപാടികളിലും സംസ്ഥാനത്തെ മന്ത്രിമാർകൂടി പങ്കെടുക്കുക പതിവായിരുന്നു. ആരിഫ്‌ മൊഹമ്മദ്‌ഖാൻ ഗവർണറായശേഷം എടുത്ത സർക്കാർ വിരുദ്ധ നിലപാടിനെ തുടർന്നാണ്‌ ഇത്‌ നിലച്ചത്‌.


രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വന്നശേഷം ഔദ്യോഗികമായ പരിപാടികൾ സഹകരിച്ച്‌ നടത്താൻ തുടങ്ങിയിരുന്നു. കാവിക്കൊടിയേന്തിയ സ്‌ത്രീയുടെ ചിത്രം വച്ചതോടെയാണ്‌ പ്രശ്നങ്ങൾ ഉടലെടുത്തത്‌. രാജ്‌ഭവന്റെ ഇത്തരം നിലപാടുകൾ മാധ്യമങ്ങൾ വൻ ഏറ്റുമുട്ടലാക്കി ചിത്രീകരിച്ചു. ആരിഫിന്റെ കാലത്തേതുപോലെ സർക്കാരും ഗവർണറും തമ്മിൽ യുദ്ധസമാന അന്തരീക്ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കള്ളങ്ങൾ അടക്കം പ്രചരിപ്പിക്കുകയാണ്‌.


കൊടി മാറ്റിപ്പിടിച്ച്‌ 
ബിജെപി

ഗവർണറുടെ നിലപാടിന് വിരുദ്ധമായി കാവിക്കൊടി പിടിച്ച സ്‌ത്രീയുടെ ചിത്രവും ഭൂപടവും മാറ്റി സംസ്ഥാന ബിജെപി. കാവിക്കൊടി മാറ്റി ത്രിവർണ പതാകയേന്തിയുള്ള സ്‌ത്രീയുടെ പുതിയചിത്രവുമായാണ്‌ ശനിയാഴ്‌ച ബിജെപി സെക്രട്ടറിയേറ്റിന് മുന്നിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിക്കാനെത്തിയത്‌. ഇതിന്‌ മണിക്കൂറുകൾ മുമ്പ്‌ ബിജെപിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും സമാനചിത്രം പോസ്റ്റ്‌ ചെയ്‌തിരുന്നു. രാജ്‌ഭവനിലെ ചിത്രവിവാദത്തിൽ സംസ്ഥാന ബിജെപിക്ക്‌ ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കറുമായുള്ള വിയോജിപ്പ്‌ ഇതിലൂടെ പ്രകടമായി.






deshabhimani section

Related News

View More
0 comments
Sort by

Home