യുവാക്കളുടെ തൊഴിലവസരം വൻതോതിൽ കുറയും
ടിക്കറ്റ് കൗണ്ടർ നിർത്താൻ റെയിൽവേ ; എം–യുടിഎസ് സംവിധാനം വ്യാപിപ്പിക്കും

അഞ്ജുനാഥ്
Published on Jul 27, 2025, 12:52 AM | 1 min read
ആലപ്പുഴ
റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ പൂർണമായി നിർത്താനുള്ള നടപടി ത്വരിതപ്പെടുത്തി റെയിൽവേ. റിസർവേഷനില്ലാത്ത ടിക്കറ്റ് നൽകാനായി മൊബൈൽ ടിക്കറ്റിങ് മെഷീനുകൾ (എം–യുടിഎസ്) എല്ലാ സ്റ്റേഷനുകളിലും വ്യാപിപ്പിക്കാനാണ് നീക്കം. ഇത്തരം മെഷീനുകൾ 50,000 രൂപ നിക്ഷേപമായി നൽകി ആർക്കും നടത്തിപ്പ് അവകാശം നേടാം. ഇവരെ ‘ഫെസിലിറ്റേറ്റർമാർ’ എന്ന പേരിലാണ് പരിഗണിക്കുക. കമീഷൻ അടിസ്ഥാനത്തിലാണ് ഇവർക്ക് വരുമാനം ലഭിക്കുക. കേരളത്തിലെ പ്രധാന സ്റ്റേഷനുകളിൽ ഇവ നിലവിൽ വന്നു. രാജ്യവ്യാപകമായി ഇൗ സംവിധാനം വിപുലീകരിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതി. റെയിൽവേ മന്ത്രാലയം ജൂൺ 26 ന് ഇതിനായുള്ള സർക്കുലർ പുറത്തിറക്കിയിരുന്നു.
എം–യുടിഎസ് വ്യാപകമാക്കിയശേഷം, ടിക്കറ്റ് കൗണ്ടറുകളിൽ ജോലി ചെയ്യുന്ന കമേഴ്സ്യൽ ക്ലർക്കുമാരെ ട്രെയിനുകളിൽ ടിക്കറ്റ് പരിശോധനക്ക് നിയമിക്കാനാണ് നീക്കം. ഫലത്തിൽ പുതിയ നിയമനം ഉണ്ടാകില്ല. യുവാക്കളുടെ തൊഴിൽ അവസരം ഇല്ലാതാക്കുന്നതാണ് നടപടി. തെരഞ്ഞെടുത്ത തസ്തികകളിൽ നിയമനംവേണ്ടെന്നും ജീവനക്കാരുടെ പുനർവിന്യാസവും ലേബർ കോൺട്രാക്ട് വ്യവസ്ഥയും മതിയെന്നാണ് റെയിൽവേ നയം.
ഓൺലൈൻ ടിക്കറ്റിങ്ങിനായി റെയിൽവേ രണ്ട് ആപ്പ് പുറത്തിറക്കിയിരുന്നു. സ്ലീപ്പർ ടിക്കറ്റുകൾ ഇപ്പോൾ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ കൗണ്ടറുകൾ വഴി കൊടുക്കുന്നില്ല. ഇത് കൗണ്ടറുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ്. എം യുടിഎസുകൾ വഴി സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾ വരെ മാത്രമേ ലഭിക്കൂ. ആപ്പുകളും ഓൺലൈൻ സംവിധാനവും ഉപയോഗിക്കാൻ പ്രയാസമുള്ളവർ കൂടുതൽ ബുദ്ധിമുട്ടിലാകുമെന്നതാണ് സ്ഥിതിയെന്ന് റെയിൽവേ ഉദ്യോഗസ്ഥർതന്നെ വിശദീകരിക്കുന്നു.









0 comments