റാഗിങ് നിരോധന നിയമം ; ക്രിമിനൽ നടപടിക്കുള്ള തടസ്സങ്ങൾ പരിഹരിക്കണം: ഹെെക്കോടതി

കൊച്ചി
യുജിസി മാർഗനിർദേശങ്ങളും മുൻ കോടതി ഉത്തരവുകളുംകൂടി പരിഗണിച്ച്
റാഗിങ് നിരോധന നിയമങ്ങൾ കർശനമാക്കണമെന്ന് ഹൈക്കോടതി. നിലവിലെ നിയമത്തിലും ചട്ടത്തിലും ഭേദഗതി കൊണ്ടുവരുമ്പോൾ ഇവ അനിവാര്യമായും പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ എം ജാംദാർ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് നിർദേശിച്ചു. റാഗിങ് തടയാനുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) നൽകിയ പൊതുതാൽപ്പര്യഹർജിയിലാണ് നിർദേശം.
റാഗിങ് കേസുകളിൽ ക്രിമിനൽ നടപടി സ്വീകരിക്കുന്നതിനടക്കം നിലവിലെ നിയമത്തിൽ ചില തടസ്സങ്ങളുണ്ട്. നിയമം പരിഷ്കരിക്കുമ്പോൾ ഇത് പരിഹരിക്കണം. റാഗിങ് സംബന്ധിച്ച് 2008ലും 2010ലും ഇറങ്ങിയ കോടതിവിധികൾ ഇതോടൊപ്പം പരിഗണിക്കണം. ഇതുവരെ എത്ര കേസുകളിൽ നടപടി എടുത്തെന്നും അറിയിക്കണം.
ഹർജി പരിഗണിക്കുന്ന കോടതിയുടെ നിർദേശപ്രകാരം ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനായി രൂപീകരിച്ച വർക്കിങ് ഗ്രൂപ്പ്, റാഗിങ് നിരോധന നിയമത്തിലെ ഭേദഗതിയടക്കമാണ് പരിഗണിക്കുന്നതെന്ന് സർക്കാർ അറിയിച്ചു. നിയമഭേദഗതിയുടെയും ചട്ടത്തിന്റെയും കരട് തയ്യാറാക്കിയിട്ടുണ്ട്. അന്തിമരൂപത്തിന് സമയം വേണമെന്നും ആവശ്യപ്പെട്ടു. നിയമം പരിഷ്‌കരിക്കുമ്പോൾ ജാമ്യമില്ലാവകുപ്പ് ചുമത്തുന്നതടക്കം പരിഗണിക്കണമെന്ന് കെൽസ നിർദേശിച്ചു. നിലവിലെ നിയമപ്രകാരം റാഗിങ്ങിന് രണ്ടുവർഷംവരെ തടവും 10,000 രൂപവരെ പിഴയുമാണ് ശിക്ഷ. സസ്‌പെൻഷൻ നിലനിൽക്കുന്നതോടൊപ്പം മൂന്നുവർഷത്തേക്ക് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം തുടരാനും അനുമതിയില്ല.









0 comments