കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്കരിച്ചു

മാനന്തവാടി: മാനന്തവാടിയിൽ നരഭോജികടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്കരിച്ചു. രാവിലെ 8.30ഓടെ മൃതദേഹം പഞ്ചാരക്കൊല്ലിയിലെ വീട്ടിലെത്തിച്ചിരുന്നു. അങ്ങേയറ്റം വേദനാജനകമായ രംഗങ്ങളായിരുന്നു രാധയുടെ വീട്ടിൽ അരങ്ങേറിയത്. അമ്മയുടെ മൃതദേഹം കണ്ട് മകൾ അനീഷ കുഴഞ്ഞു വീണു. പൊതുദർശനത്തിന് ശേഷം പതിനൊന്ന് മണിക്ക് മീൻമുട്ടി താറാട്ട് ഉന്നതി കുടുംബ ശ്മശനത്തിലായിരുന്നു സംസ്കാരം.
പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിന് സമീപം ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു രാധ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തണ്ടർബോൾട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയിലുള്ള രാധയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു.
മാനന്തവാടിയിൽ വനംവകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയാണ് രാധ. അനീഷ, അജീഷ് എന്നിവരാണ് മക്കൾ. കുടുംബത്തിന് അടിയന്തര ധനസഹായമായ അഞ്ച് ലക്ഷം രൂപ സർക്കാർ കൈമാറി. മന്ത്രിയും കളക്ടറുമടക്കമുള്ളവർ രാധയുടെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്. 11 ലക്ഷം രൂപയാണ് കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. ഇതിൽ അഞ്ച് ലക്ഷമാണ് അടിയന്തര സഹായമായി കൈമാറിയത്.
നരഭോജികടുവക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. വനംവകുപ്പ് സർവ സന്നാഹങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കടുവയുടെ സാന്നിധ്യം പ്രദേശത്തു തന്നെയുണ്ടെന്ന് സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനയിൽ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കടുവയെ പ്രദേശത്തു തന്നെ നിലനിർത്തി പിടികൂടാനുള്ള ശ്രമമാണ് നടത്തുന്നത്. സാന്നിധ്യം തിരിച്ചറിഞ്ഞ പ്രദേശത്തിന്റെ നാലുഭാഗത്തും ദൗത്യസംഘം മുഴുവൻ സമയവും നിരീക്ഷണം നടത്തുന്നുണ്ട്. തെർമൽ ഡ്രോണുകളും സാധാരണ ഡ്രോണുകളും ഉപയോഗിച്ചുള്ള തിരച്ചിലും നടത്തുന്നുണ്ട്. മുപ്പത്തിയെട്ടോളം കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ആറ് ലൈവ് കാമറകൾ കൂടി ഇന്ന് സ്ഥാപിക്കും. ഉത്തരമേഖല സിസിഎഫ് കെ എസ് ദീപ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഉച്ചയോടെ കാര്യങ്ങൾ നിയന്ത്രണത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫോറസ്റ്റ് ഓഫീസർ എസ് രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎൻഎസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 27 വരെയാണ് നിരോധനാജ്ഞ









0 comments