ഉന്നതവിദ്യാഭ്യാസ മേഖല ; കാലോചിത മാറ്റത്തിന് തടസ്സം ഗവർണർ : ആർ ബിന്ദു

തിരുവനന്തപുരം
കാലത്തിനനുസരിച്ചുള്ള പരിഷ്‌കാരങ്ങൾ കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയിൽ വേണ്ടെന്ന നിലപാടാണ് ചാൻസലറായ ഗവർണറുടേതെന്ന് മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ നിയമസഭാ സമ്മേളനം അംഗീകരിച്ച, സർവകലാശാല നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃത മാറ്റങ്ങൾ വരുത്താനായുള്ള ബില്ലുകൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ രാഷ്‌ട്രപതിക്ക് അയക്കുകയാണ് ചെയ്തത്.
അക്കാദമിക്, ഗവേഷണ പ്രവർത്തനങ്ങളിൽ ഇന്നത്തെ വ്യവസായ മേഖലയ്ക്ക് ആവശ്യമായ മാറ്റങ്ങൾ നിർദേശിച്ചുള്ളവയായിരുന്നു ഉന്നത വിദ്യാഭ്യാസ ഭേദഗതി ബില്ലുകൾ. എന്താണ് വിയോജിപ്പെന്ന് കാണിച്ച് അദ്ദേഹത്തിന് തിരിച്ചയക്കാമായിരുന്നു. സ്വകാര്യ സർവകലാശാല ബില്ലിലും സമാന നിലപാടാണ് സ്വീകരിച്ചത്. ബില്ലിന് എന്താണ് പ്രശ്‌നമെന്ന് പറയാൻ തയ്യാറാകുന്നില്ല. വിയോജിപ്പുണ്ടെങ്കിൽ മാറ്റി വീണ്ടും സമർപ്പിക്കാൻ തയാറാണെന്ന് അറിയിച്ചിരുന്നു. നേരിട്ട് കണ്ടപ്പോഴും പറഞ്ഞു. മുഖ്യമന്ത്രിയും ഗവർണറെ നേരിട്ട് കണ്ട് സംസാരിച്ചു. ബോധപൂർവം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്തെ മുന്നേറ്റം തടഞ്ഞുവയ്‌ക്കാനാണ് തീരുമാനമെങ്കിൽ കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച സംസ്ഥാനത്തെ സർവകലാശാല ചട്ടങ്ങളിൽ സിൻഡിക്കറ്റ് യോഗം ചേരുന്നതുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ കൂട്ടിച്ചേർക്കാനുള്ള ബില്ലിലും ഒപ്പിട്ടില്ലെന്ന് വരാം. അടുത്ത സഭാസമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.
ചില വൈസ് ചാൻസലർമാർ ഏകാധിപത്യ പ്രവണതയോടെ മുന്നോട്ടുപോകാൻ ശ്രമിക്കുന്നു. കേരള സർവകലാശാലയിൽ ഹൈക്കോടതി വിധിയെപ്പോലും അവഗണിച്ചാണ് വിസി സിൻഡിക്കറ്റ് വിളിക്കാതിരിക്കുന്നത്. പല സന്ദർഭങ്ങളിലും ചാൻസലറുടെകൂടെ ഇടപെടലിന്റെ ഭാഗമായി സർവകലാശാലകളിൽ കലുഷിതാന്തരീക്ഷം ഉണ്ടാകുന്നത് ആശങ്കയുളവാക്കുന്നു– മന്ത്രി പറഞ്ഞു.









0 comments