ക്വാഡ് പദ്ധതി: വരുന്നു, ടെക്‌നോസിറ്റിയിൽ വമ്പൻ ഐടി കെട്ടിടം


സ്വന്തം ലേഖകൻ
Published on May 15, 2025, 11:25 AM | 1 min read
തിരുവനന്തപുരം : സംയോജിത ഐടി മൈക്രോ ടൗൺഷിപ്പ് പദ്ധതിയായ ക്വാഡിൽ ഉൾപ്പെടുത്തി പള്ളിപ്പുറം ടെക്‌നോസിറ്റിയിൽ (ടെക്‌നോപാർക്ക് ഫെയ്‌സ് 4) 381 കോടി രൂപ ചെലവിൽ ഐടി കെട്ടിടം നിർമിക്കുന്നു. ക്വാഡ് പദ്ധതിയിൽ ടെക്‌നോസിറ്റിയിൽ നിർമിക്കുന്ന ആദ്യ ഐടി കെട്ടിടമാണിത്. ഒമ്പത് നിലയിലൽ 8.5 ലക്ഷം ചതുരശ്രയടിയുള്ള അത്യാധുനിക കെട്ടിടത്തിൽ ഐടി ഓഫീസും റൂഫ് ടോപ് കഫറ്റേരിയയും ഉണ്ടാകും. ബേസ്‌മെന്റ് പാർക്കിങ്ങിനും യൂട്ടിലിറ്റി സേവനങ്ങൾക്കുമായി ഉപയോഗിക്കും.
ബേസ്‌മെന്റിലും മുകളിലുമായി 465 കാറുകൾക്കും 348 ഇരുചക്ര വാഹനങ്ങൾക്കും പാർക്ക് ചെയ്യാം. മുകളിലത്തെ നിലകളിൽ ടെക് കമ്പനികൾക്കായി ഓഫീസ് മൊഡ്യൂൾ ഉണ്ടാകും. പ്രകൃതിദത്ത വെളിച്ചം, എൽഇഡി ലൈറ്റിങ്, മഴവെള്ള സംഭരണം, വിഎഫ്ഡി സംവിധാനങ്ങൾ, ജലപുനരുപയോഗം എന്നിവ ഉൾക്കൊള്ളുന്നതാകും കെട്ടിടം.
ട്രാൻസ്ഫോർമറുകൾ, 100 ശതമാനം ഡിജി ബാക്കപ്പ്, ഇന്റഗ്രേറ്റഡ് ബിഎംഎസ്, അഗ്നിശമന സംവിധാനം, മലിനജല സംസ്കരണ പ്ലാന്റ്, മികച്ച എയർ കണ്ടീഷനിങ് സംവിധാനങ്ങളുമുണ്ടാകും. റോബോട്ടിക് ക്ലീനിങ്, നൂതന സുരക്ഷാ നിരീക്ഷണ സംവിധാനം, ആക്സസ് കൺട്രോൾ തുടങ്ങിയ ഓട്ടോമേറ്റഡ് സംവിധാനങ്ങളും ഉറപ്പാക്കും.
കെട്ടിടത്തിന് രണ്ട് പ്രധാന പ്രവേശന കവാടങ്ങളുണ്ടാകും. നടുമുറ്റം എല്ലാ നിലകളിലേക്കും പകൽവെളിച്ചം എത്താൻ സഹായിക്കും. ഗ്രൗണ്ട് ഫ്ളോറിന്റെ ഉയരം 5.2 മീറ്ററും ഒൻപതാം നിലയുടെ ഉയരം ആറ് മീറ്ററുമാണ്. സാധാരണ നിലയുടെ ഉയരം 4.05 മീറ്ററും. ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ (ഐജിബിസി) കീഴിൽ ഗോൾഡ് റേറ്റിങ് നേടുകയാണ് ലക്ഷ്യം.
സുസ്ഥിര രീതി, പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ഉപയോഗം, ഊർജ-, ജല സംരക്ഷണ സംവിധാനം എന്നിവയുൾപ്പെടെ പാലിച്ചാകും നിർമാണം. നിർമാണത്തിനായി കരാറുകാരിൽനിന്ന് ടെക്നോപാർക്ക് താൽപ്പര്യപത്രം (ആർഎഫ്പി) ക്ഷണിച്ചു. പ്രീ-ബിഡ് മീറ്റിങ് ജൂൺ 10ന് രാവിലെ 11.30 ന് ടെക്നോപാർക്ക് ഫേസ് ഒന്നിലെ പാർക്ക് സെന്ററിൽ നടക്കും.









0 comments