അൻവറിന്റെ ലക്ഷ്യം 
യുഡിഎഫ്‌ പ്രവേശം

pv anwar
avatar
സി പ്രജോഷ്‌കുമാർ

Published on Jan 07, 2025, 01:31 AM | 2 min read


മലപ്പുറം

ഉൾവനത്തിൽ ആദിവാസി യുവാവ്‌ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്‌ മറയാക്കിയുള്ള പി വി അൻവറിന്റെ നാടകം യുഡിഎഫ്‌ പ്രവേശം ലക്ഷ്യമിട്ട്‌. മലയോരജാഥ നടത്തി യുഡിഎഫിൽ കയറിപ്പറ്റാനുള്ള പദ്ധതി പൊളിഞ്ഞതോടെയാണ്‌ പുതിയ നീക്കം.

ജാഥയിലേക്ക്‌ യുഡിഎഫ്‌ നേതാക്കളെ ക്ഷണിക്കുകയും ആലോചനായോഗങ്ങളിൽ കോൺഗ്രസ്‌ എടക്കര, മൂത്തേടം, വഴിക്കടവ്‌ പഞ്ചായത്ത്‌ ഭാരവാഹികൾ പങ്കെടുക്കുകയും ചെയ്‌തിരുന്നു. ഉദ്ഘാടകനായി വയനാട്‌ ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചനെയും സമാപനച്ചടങ്ങിന്‌ മുസ്ലിംലീഗ്‌ നേതാവ്‌ ഇ ടി മുഹമ്മദ്‌ ബഷീറിനെയുമാണ്‌ നിശ്ചയിച്ചിരുന്നത്‌. ഇവരുടെ പേരുകൾവച്ച്‌ പോസ്‌റ്ററുമിറക്കി. എന്നാൽ കോൺഗ്രസ്‌ നേതാവ്‌ ആര്യാടൻ ഷൗക്കത്ത്‌ ഉടക്കിയതോടെ നേതാക്കൾ പിന്മാറി. ജാഥ പൊളിഞ്ഞു.


ഇതിനിടയിലാണ്‌ ആദിവാസി യുവാവിന്റെ മരണം. ജാഥയുടെ സമാപനച്ചടങ്ങ്‌ റദ്ദാക്കിയ അൻവർ അക്രമസമരം ആസൂത്രണംചെയ്‌തു. പൊതുമുതൽ നശിപ്പിച്ചാൽ ജാമ്യമില്ലാ വകുപ്പിൽ അറസ്‌റ്റുചെയ്യുമെന്ന്‌ മുൻകൂട്ടിക്കണ്ടായിരുന്നു ഇത്‌. അറസ്‌റ്റിനെതിരെ കോൺഗ്രസിന്റെയും ലീഗിന്റെയും മുതിർന്ന നേതാക്കൾ രംഗത്തെത്തിയിരുന്നു.

അൻവർ യുഡിഎഫ്‌ നേതാക്കളുമായി ചർച്ച ആരംഭിച്ചിരുന്നെന്ന പ്രചാരണം പി കെ കുഞ്ഞാലിക്കുട്ടിതള്ളി. കോൺഗ്രസിലും എതിർപ്പുയർന്നിരുന്നു. ഡിഎംകെയെ സഖ്യകക്ഷിയാക്കാൻ ശ്രമിച്ചെങ്കിലും അവരും കൈവിട്ടു.


ബംഗാളിൽ ദൂതരെ അയച്ച്‌ തൃണമൂൽപ്രവേശം ലക്ഷ്യമിട്ടെങ്കിലും നടന്നില്ല. തുടർന്നാണ്‌ ഡിഎംകെ കേരള ഘടകം രൂപീകരിച്ചത്‌. പഴയ ഡിഐസി ബന്ധം ഉപയോഗിച്ച്‌ കെ മുരളീധരന്റെ പിന്തുണ ഉറപ്പാക്കി. ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ പിന്തുണ തുടക്കംമുതലുണ്ട്‌. ഇതുവഴി ലീഗിന്റെ എതിർപ്പും കുറഞ്ഞു. ലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അൻവറിനെ പിന്തുണച്ച്‌ രംഗത്തെത്തിയത്‌ ഇതിന്റെ ഭാഗമാണ്‌. ഇനിയുള്ള പോരാട്ടം യുഡിഎഫിനൊപ്പം ചേർന്നാണെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു.


വർഗീയ കാർഡിറക്കി

വനം വകുപ്പ്‌ ഓഫീസ്‌ അടിച്ചുതകർത്തതിന്‌ അറസ്റ്റിലായതിനെ വർഗീയമായി ചിത്രീകരിക്കാൻ പി വി അൻവറിന്റെനീക്കം. അറസ്റ്റ്‌ നടന്ന ഉടൻ അൻവർ മാധ്യമങ്ങളൊട്‌ പറഞ്ഞത്‌ ‘പിണറായി വിജയന്റെ മുസ്ലിംവിരുദ്ധതയുടെ തെളിവാണ്‌ അറസ്റ്റ്‌’ എന്നാണ്‌. ആർഎസ്‌എസ്‌ ആഗ്രഹിക്കുന്നതാണ്‌ നടത്തുന്നതെന്നും പേര്‌ അൻവർ എന്നായതിനാൽ മുസ്ലിം ഭീകരനാക്കാനാണ്‌ നീക്കമെന്നും പറഞ്ഞു. അൻവറിന്റെ ആരോപണം മുസ്ലിംലീഗ്‌, ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കുന്നുണ്ട്‌.


യുഡിഎഫ്‌ പ്രവേശം ചർച്ചയിലില്ല: വി ഡി സതീശൻ

പി വി അൻവറിനെ യുഡിഎഫിൽ എടുക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ. പറവൂരിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.


‘‘പന്ത്രണ്ടിന്‌ രാഷ്‌ട്രീയകാര്യ സമിതിയോഗം അൻവറിന്റെ മുന്നണി പ്രവേശം ചർച്ച ചെയ്യില്ല. യുഡിഎഫ്‌ നേതൃത്വമാണ്‌ രാഷ്‌ട്രീയ തീരുമാനം എടുക്കേണ്ടത്‌. കോൺഗ്രസിന്റെ തീരുമാനം ഘടകകക്ഷികളെ അറിയിക്കും.


അൻവറിന്റെ യുഡിഎഫ്‌ പ്രവേശം, പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കൾ ചർച്ച ചെയ്യുന്നത്‌ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. യുഡിഎഫ്‌ ചെയർമാൻ എന്ന നിലയിൽ ഞാൻ ഒരു ചർച്ചയും നടത്തിയിട്ടില്ല, ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. മാധ്യമങ്ങൾ യുഡിഎഫിൽ ആളെ എടുക്കേണ്ട. അത്‌ ഞങ്ങൾ ചെയ്തുകൊള്ളാം’’–- സതീശൻ പറഞ്ഞു. അൻവറിന്റെ യുഡിഎഫ്‌ പ്രവേശനം സംബന്ധിച്ച് ഇതുവരെ ചർച്ച ഉണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സുധാകരൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home