പുറ്റിങ്ങൽ വെടിക്കെട്ട് അപകടം: 30–ാം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കും

കൊല്ലം: പുറ്റിങ്ങൽ വെടിക്കെട്ട് അപകടക്കേസിലെ 30–--ാം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും ജാമ്യക്കാരുടെ ബോണ്ട് കണ്ടുകെട്ടാനും കോടതിയിൽ ഹാജരാകാതിരുന്ന രണ്ടു പ്രതികൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കാനും ഉത്തരവ്. 30–--ാം പ്രതിയായ അടൂർ ഏറത്ത് രാജ്ഭവനിൽ അനുരാജിനെയാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാൻ പുറ്റിങ്ങൽ പ്രത്യേക കോടതി ജഡ്ജിയുടെ ചുമതല വഹിക്കുന്ന കൊല്ലം നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ് സുഭാഷ് ഉത്തരവിട്ടത്. കോടതിയിൽ ഹാജരാകാതിരുന്ന 25–--ാം പ്രതി വിഷ്ണുപ്രകാശ്, 31–--ാം പ്രതി രവി എന്നിവർക്കെതിരെയാണ് വാറണ്ടിന് ഉത്തരവായത്. അനുരാജും രണ്ടുജാമ്യക്കാരും ഒരുലക്ഷം രൂപ വീതമുള്ള ബോണ്ടാണ് നൽകിയിട്ടുള്ളത്.
ഇത് കണ്ടുകെട്ടാനുള്ള നടപടി ഉടൻ തുടങ്ങും. അനുരാജിനെതിരെ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും പൊലീസിനു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച കേസുമായി ബന്ധപ്പെട്ട് ഓരോ പ്രതികളെയും പ്രത്യേകം വിളിച്ചപ്പോഴാണ് വിഷ്‌ണുപ്രകാശും രവിയും ഹാജരാകാതിരുന്നത്. ഇവർ അവധി അപേക്ഷയും നൽകിയിട്ടില്ലായിരുന്നു. 59 പ്രതികളാണ് കേസിൽ ആകെയുള്ളത്. ഇതിൽ 13പേർ മരിച്ചു. ഇവരുടെ മരണസർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ശനിയാഴ്ച 18 പ്രതികൾ അഭിഭാഷകർ വഴി അവധി അപേക്ഷ നൽകി. കേസ് ഏഴിന് വീണ്ടും പരിഗണിക്കും. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ കെ പി ജബ്ബാർ, അമ്പിളി ജബ്ബാർ എന്നിവർ കോടതിയിൽ ഹാജരായി.







0 comments