print edition തൃശൂർ സുവോളജിക്കൽ പാർക്ക് 28ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

തൃശൂർ
രാജ്യത്തെ ആദ്യ ഡിസൈൻ മൃഗശാലയായ തൃശൂർ സുവോളജിക്കൽ പാർക്ക് 28ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചെമ്പൂക്കാവിലെ തൃശൂർ മൃഗശാല വിശാലമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. തൃശൂർ മൃഗശാലയിലെ 439 ജീവികളെ ഉദ്‌ഘാടനത്തിന് മുമ്പ് ഇവിടേയ്‌ക്ക് മാറ്റും. വിവിധ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും പുതിയ ജീവികളെ എത്തിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. കിഫ്ബി അനുവദിച്ച 331 കോടി രൂപയും പ്ലാൻ ഫണ്ടിലെ 40 കോടി രൂപയും ചേർത്ത് 371 കോടി രൂപ ഉപയോഗിച്ചാണ് അതിവേഗം നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. ഇതിനു പുറമെ 17 കോടി കൂടി കിഫ്ബി അനുവദിച്ചിട്ടുണ്ട്.
ലോകത്തെ ഏറ്റവും മികച്ച മൃഗശാല ആയി മാറുന്ന വിധത്തിലാണ് 338 ഏക്കറിൽ വിവിധഘട്ടങ്ങളിലായി തൃശൂർ സുവോളജിക്കൽ പാർക്ക് നിർമിച്ചത്. പാർക്കിന്റെ അനുബന്ധമായി പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ പെറ്റിങ് സൂ, പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഹോളോഗ്രാം സൂ എന്നിവയുടെ നിർമാണവും ഇതിനകം തുടങ്ങിയിട്ടുണ്ട്. പാർക്ക് ചുറ്റിക്കാണാൻ കെഎസ്ആർടിസിയുടെ ചെറിയ ബസുകളും നഗരത്തിൽനിന്ന് പാർക്കിലേക്ക് ഡബിൾ ഡക്കർ ബസ് സർവീസും ഉണ്ടാകും.









0 comments