print edition രാജ്യത്തെ ഭരണപ്രതിസന്ധി മറികടക്കാൻ ഫാസിസ്റ്റ് രീതി : പുത്തലത്ത് ദിനേശൻ

തിരുവനന്തപുരം
രാജ്യത്തെ ഭരണപ്രതിസന്ധി മറികടക്കാൻ ഭരണഘടനയെ തകർത്ത് ഫാസിസ്റ്റ് രീതി കൊണ്ടുവരാനുള്ള പരിശ്രമമാണ് വർത്തമാനകാലത്ത് നടക്കുന്നതെന്ന് ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ പറഞ്ഞു. അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ ‘കൊടുങ്കാറ്റിൽ പതറാതെ’ പുസ്‌തകം പ്രകാശിപ്പിക്കൽ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. നവ ഫാസിസത്തിന്റെ വഴികളിലേക്ക് രാജ്യം നീങ്ങുന്ന ഘട്ടമാണിത്. അടിയന്തരാവസ്ഥയുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതിനെയും വിശകലനം ചെയ്യേണ്ടത്. തെറ്റായ സാമ്പത്തികനയം രാജ്യത്തെ ദുരിതത്തിലാഴ്‌ത്തുകയാണ്.
ഭരണം പ്രതിസന്ധിയിലാകുമ്പോഴൊക്കെ യുദ്ധമുണ്ടാക്കാൻ ശ്രമിക്കുകയും അതിലൂടെ തെറ്റായ ദേശീയബോധം വളർത്താൻ ഒരുങ്ങുകയും ചെയ്യും. ജനാധിപത്യപ്രക്ഷോഭം ഉയരാതിരിക്കാൻ എല്ലാവിധ ജനാധിപത്യ അവകാശങ്ങളെയും തകർക്കാൻ ശ്രമിക്കും. ഭരണപ്രതിസന്ധിയുടെ ഭാഗമായാണ് അടിയന്തരാവസ്ഥയും നവ ഫാസിസ്റ്റ് ചിന്തകളും രൂപപ്പെടുന്നതെന്ന് തിരിച്ചറിയണം. ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുക എന്നത് ഇതിന്റെ ഭാഗമാണെന്ന് പുത്തലത്ത് ദിനേശൻ പറഞ്ഞു.
അടിയന്തരാവസ്ഥയെ വിലയിരുത്തുമ്പോൾ, ഭരണവർഗത്തിന്റെ പ്രതിസന്ധിയിൽനിന്ന് അതിനെ മറികടക്കാൻവേണ്ടിയുള്ള ഉപാധി എന്ന നിലയിലാണ് ഇൗ ജനാധിപത്യധ്വംസനങ്ങൾ രാജ്യത്ത് നടന്നത്. ഒരു കോടതിവിധിയുടെ അടിസ്ഥാനത്തിൽ അധികാരം നിലനിർത്താൻവേണ്ടി ഉണ്ടായതല്ല. അടിസ്ഥാനപരമായി ഇന്ത്യൻ ഭരണവർഗം ചെന്നുപെട്ട പ്രതിസന്ധിയിൽ, അവരുടെ തെറ്റായ നയങ്ങൾ ജനങ്ങളിലുണ്ടാക്കിയ അസംതൃപ്‌തി വലിയ പ്രക്ഷോഭങ്ങളിലേക്ക് വളർന്നുവന്ന ഘട്ടത്തിലാണ് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.









0 comments