print edition പുന്നപ്ര–വയലാർ വാരാചരണം: അമരസ്‌മരണയായി വി എസ്

അഞ്‌ജുനാഥ്
Published on Oct 18, 2025, 02:00 AM | 1 min read
ആലപ്പുഴ: സർ സി പിയുടെ ചോറ്റുപട്ടാളത്തിനുനേരെ അലകായുധമേന്തി പോരാടിയ രണധീരരെ വീരോചിതം അനുസ്‌മരിക്കുന്ന പുന്നപ്ര–വയലാർ വാരാചരണത്തിൽ ഇത്തവണ പുന്നപ്രയുടെ പോരാളി വിഎസും അമരസ്‌മരണയായി ജ്വലിക്കും. ധീരമായ ആ സമര ജീവിതത്തിന് തിരശീലവീണ ശേഷം ആദ്യ വാരാചരണമാണിത്.
സർ സി പിയുടെ കിരാതനയങ്ങൾക്കെതിരെ അന്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ കർഷക, കയർ, മത്സ്യത്തൊളിലാളികളെ അവകാശ പോരാട്ടത്തിന് സമരസജ്ജനാക്കിയ വി എസ് എല്ലാ വർഷവും രണധീരരുടെ സ്‌മരണകളിലേക്ക് ഒഴുകിയെത്തി. പുന്നപ്ര–വയലാർ വാരാചരണം ആരംഭിച്ചതുമുതൽ വി എസ് അമരത്തുണ്ടായിരുന്നു. പുന്നപ്ര സമരഭൂമിയിലെ പുഷ്‌പാർച്ചന വി എസിന്റെ നേതൃത്വത്തിലായിരുന്നു. വൈകിട്ട് പുന്നപ്ര പറവൂരിൽ ചേരുന്ന സമ്മേളനം ഉദ്‌ഘാടനവും അദ്ദേഹമായിരുന്നു. വയലാർ രക്‌തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കുന്ന ദീപശിഖ വലിയചുടുകാട് രക്‌തസാക്ഷി മണ്ഡപത്തിൽനിന്ന് കൊളുത്തി അത്‌ലീറ്റുകൾക്ക് കൈമാറിയിരുന്നതും വി എസ് ആയിരുന്നു.
പുന്നപ്ര–വയലാർ വാരാചരണം ആരംഭിക്കുന്ന ഒക്‌ടോബർ 20നാണ് വി എസിന്റെ ജന്മദിനവും. മലയാളക്കരയുടെ സമരസൂര്യന്റെ അവസാന പൊതുപരിപാടിയും പ്രസംഗവും പുന്നപ്രയിൽ പൊരുതിവീണ സമരസഖാക്കളുടെ സ്‌മരണയ്ക്ക് മുന്നിലായിരുന്നു. 2019 ൽ പുന്നപ്ര–വയലാറിന്റെ 73ാം വാർഷികത്തിൽ അണികൾക്ക് ആവേശം പകർന്ന് മടങ്ങിയ ജനനായകന് പിന്നീട് അനാരോഗ്യം കാരണം സമരഭൂമിയിലോ ജന്മനാട്ടിലോ മടങ്ങിയെത്താനായില്ല. അന്ന് രാവിലെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പചക്രം അർപ്പിച്ച വി എസ് വൈകിട്ട് പറവൂർ രക്‌തസാക്ഷി നഗറിൽ അനുസ്‌മരണ സമ്മേളനവും ഉദ്‌ഘാടനംചെയ്‌തിരുന്നു.









0 comments