കടലോളം കരുതൽ; മത്സ്യത്തൊഴിലാളികൾക്ക് 332 ഫ്ലാറ്റുകൾ കൈമാറി മുഖ്യമന്ത്രി

CM at Muttathara flat
വെബ് ഡെസ്ക്

Published on Aug 07, 2025, 04:44 PM | 1 min read

തിരുവനന്തപുരം: കടലാക്രമണത്തിൽ വീടുതകരുമെന്ന പേടിയിൽ ക​ഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളികൾക്ക് അടച്ചുറപ്പുള്ള താമസമൊരുക്കി എൽഡിഎഫ് സർക്കാർ. ‘പുനർ​ഗേഹം’ പദ്ധതി വഴി സർക്കാർ നിർമിച്ച മുട്ടത്തറയിലെ 332 ഫ്ലാറ്റുകളുടെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തീരദേശ ജനതയ്ക്ക് പ്രത്യാശയേകുന്ന ഫ്ലാറ്റുകൾക്ക് പ്രത്യാശ എന്ന പേരുംനൽകി. ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.


നാടമുറിച്ച ശേഷം ഫ്ലാറ്റുകൾ മുഖ്യമന്ത്രി സന്ദർശിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, വി എൻ വാസവൻ, ആൻണി രാജു എംഎൽഎ, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.





2022 ഫെബ്രുവരിയിൽ ഭരണാനുമതി നൽകിയ പദ്ധതി മൂന്ന് വർഷം കൊണ്ടാണ്‌ പൂർത്തിയാക്കിയത്‌. ഒരു ഫ്ലാറ്റിന്‌ ഭൂമി വില ഒഴിച്ച്‌ 20ലക്ഷം രൂപ വീതം ചെലവഴിച്ചു. ഹാൾ, ഭക്ഷണമുറി, രണ്ട്‌ ബെഡ്‌ റൂമും, ടോയ്‌ലറ്റ്‌, അടുക്കള എന്നീ സൗകര്യങ്ങൾ ഉണ്ട്‌. മറ്റ്‌ സൗകര്യങ്ങളും. സെന്റിന്‌ 15 ലക്ഷം രൂപ വില വരും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണ ചുമതല ഏറ്റെടുത്തത്. പദ്ധതിയുടെ സാങ്കേതിക മേൽനോട്ട ചുമതല നിർവഹിച്ചത് ഹാർബർ എൻജിനിയറിങ് വകുപ്പാണ്.


CM handed over Muttathara flats


68 ഫ്‌ളാറ്റുകൂടി ഇവിടെ നിർമിക്കും. ഇതിനുള്ള പാരിസ്ഥിതികാനുമതി ലഭിച്ചു. കലക്ടർ ചെയർപേഴ്‌സണായ സമിതിയാണ്‌ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്‌.


കടൽക്ഷോഭം മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും തീരദേശ ജീവിതം ദുസഹമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ‘പുനർഗേഹം' പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകിയത്. വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ ചുറ്റളവിൽ താമസിക്കുന്ന 22,174 കുടുംബങ്ങളുടെ പുനരധിവാസമാണ്‌ ലക്ഷ്യമിടുന്നത്‌. 2019 ഡിസംബറിൽ ഇതിനായി 2,450 കോടി രൂപയുടെ ഭരണാനുമതി നൽകി. നിലവിൽ 9,104 കുടുംബങ്ങളാണ് മാറിത്താമസിക്കാൻ സന്നദ്ധത അറിയിച്ചത്. ഇതിൽ 4,421 കുടുംബങ്ങൾ ഭൂമി കണ്ടെത്തി ജില്ലാതല കമ്മിറ്റിയുടെ അംഗീകാരം നേടി. 2,488 കുടുംബങ്ങൾ ഭവനനിർമാണം പൂർത്തിയാക്കി.


തിരുവനന്തപുരത്ത് കാരോട് (128), ബീമാപള്ളി (20), കൊല്ലത്ത് ക്യുഎസ്‌എസ്‌ കോളനി (114), മലപ്പുറത്ത് പൊന്നാനി (128) എന്നിവിടങ്ങളിലെ ഫ്ലാറ്റ് സമുച്ചയം കൈമാറി. 2878 കുടുംബങ്ങളുടെ പുനരധിവാസം പൂർത്തിയാക്കി. 5361 പേർക്കാണ് സർക്കാര്‌ പുനരധിവാസം ഉറപ്പാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Home