പ്രൊഫഷണൽ സ്റ്റുഡന്റ്സ് സമ്മിറ്റും മുഖ്യമന്ത്രിയുമായി മുഖാമുഖവും 11ന് കോട്ടയത്ത്: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം : സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ ഗവേഷണ വിദ്യാർഥികൾ ഉൾപ്പെടെയുള്ള പ്രൊഫഷണൽ വിദ്യാർഥികളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം മെയ് 11 ഞായറാഴ്‌ച കോട്ടയം ഏറ്റുമാനൂരിൽ നടക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗം ഇക്കഴിഞ്ഞ വർഷങ്ങളിൽ ആർജ്ജിച്ച രാജ്യാന്തരമികവിനെ അടയാളപ്പെടുത്തുന്ന പ്രൊഫഷണൽ സ്റ്റുഡന്റ്സ് സമ്മിറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ പട്ടിത്താനം ഗ്രാൻഡ് അരീന കൺവെൻഷൻ സെന്ററിലാണ് പ്രൊഫഷണൽ സ്റ്റുഡന്റ്സ് സമ്മിറ്റും മുഖ്യമന്ത്രിയുമായുള്ള മുഖാമുഖവും നടക്കുക - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
കേരളത്തെ വിജ്ഞാനാധിഷ്ഠിത സമൂഹമാക്കിയും ഉന്നതവിദ്യാഭ്യാസത്തിൻ്റെ ആഗോള ഹബ്ബാക്കിയും മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ വിവിധ സംരംഭങ്ങളെക്കുറിച്ച് വിദ്യാർഥി-ഗവേഷക സമൂഹവുമായി മുഖ്യമന്ത്രി സംവദിക്കും. സംസ്ഥാനത്ത് വിവിധ പ്രൊഫഷണൽ കോഴ്സുകൾ ചെയ്യുന്ന രണ്ടായിരത്തി അഞ്ഞൂറോളം തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് സമ്മിറ്റിൽ പങ്കാളികളാവുക. ആരോഗ്യം, എഞ്ചിനീയറിംഗ്, നിയമം, മാനേജ്‌മെന്റ്, ഫിഷറീസ്, വെറ്റിനറി, ഫാർമസി, നഴ്സിംഗ്, കൃഷി, ഫൈൻ ആർട്സ് തുടങ്ങിയ പത്തോളം പ്രൊഫഷണൽ മേഖലയിലെ കേരളത്തിലുടനീളമുള്ള കലാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികളും ഗവേഷകരുമാണ് പങ്കെടുക്കുക. സംസ്ഥാന സർവകലാശാലകൾക്കു കീഴിലെ ഗവേഷണ കേന്ദ്രങ്ങളിലെയും സംസ്ഥാനത്തു പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന ഗവേഷണ സ്ഥാപനങ്ങളിലെയും ഗവേഷകർ ഇതിലുൾപ്പെടും. ചോദ്യോത്തര പരിപാടിയുടെ രീതിയിലാണ് സമ്മിറ്റും മുഖാമുഖവും ആവിഷ്കരിച്ചിരിക്കുന്നത്.
രാവിലെ 8.30ന് സമ്മിറ്റിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കും. പത്തുമണിയ്ക്ക് സമ്മിറ്റിന് തുടക്കമാവും. മന്ത്രി ആർ ബിന്ദു അധ്യക്ഷയായിരിക്കും. പത്തര മണിയ്ക്ക് മുഖ്യമന്ത്രി സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി എൻ വാസവൻ, വീണ ജോർജ്ജ് എന്നിവർ മുഖ്യാതിഥികളാവും.









0 comments