വാക്കുകളുടെ സ്നേഹഭാജനത്തിന് വിട; പ്രൊഫ. എം കെ സാനുവിന്റെ മൃതദേഹം സംസ്കരിച്ചു

കൊച്ചി: വാക്കുകൾക്കൊണ്ട് വിസ്മയം തീർത്ത സ്നേഹഭാജനം സാനുമാഷിന് വിടചൊല്ലി കേരളം. ഞായറാഴ്ച വൈകിട്ട് നാലരയോടെ രവിപുരം ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്.
കലാ,സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖരാണ് എം കെ സാനുവിന് അന്ത്യോപചാരമർപ്പിക്കാൻ കാരിക്കാമുറി ക്രോസ്റോഡിലെ വസതിയായ ‘സന്ധ്യ’യിലും തുടർന്ന് ടൗൺ ഹാളിലും ഒഴുകിയെത്തിയത്. മലയാളിയുടെ രാഷ്‌ട്രീയ സാംസ്‌കാരിക ജീവിതത്തിന് ദിശാബോധം പകർന്ന സൗമ്യസാന്നിധ്യം ഇനിയില്ല എന്ന് അവിടെ എത്തിയ പലർക്കും അപ്പോഴും വിശ്വസിക്കാനായിരുന്നില്ല. തലമുറകളുടെ ഗുരുനാഥനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തു നിന്നവർ എത്രയോ അധികം...
കേരള സമൂഹത്തിൽ ഒരു ശൂന്യത അവശേഷിപ്പിച്ച് വിലാപങ്ങളില്ലാതെ ഒരു ജീവിത സപര്യ കടന്നു പോകുകയാണ്. സൗമ്യമെങ്കിലും വാക്കുകളുടെ ശക്തിയായിരുന്നു എന്നും സാനുമാഷിന്റെ മുദ്ര. വായിക്കാനും പഠിക്കാനും പഠിപ്പിക്കാനും പറയാനും എഴുതാനുംവേണ്ടി മാത്രമുള്ളതായിരുന്നു സാനുമാഷിന്റെ ജീവിതം. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും സാമൂഹ്യ ഇടപെടലുകളിലൂടെയും അദ്ദേഹം കേരള സമൂഹത്തിന്റെ ജീവിതത്തെ ചിട്ടപ്പെടുത്തുകയും പുതുക്കിപ്പണിയുകയും ചെയ്‌തു.
പുസ്‌തകങ്ങളുടെയും ക്ലാസ്‌മുറികളുടെയും ഇത്തിരിവട്ടങ്ങളിൽനിന്ന് അറിവിന്റെ അതിരില്ലാത്ത ആകാശങ്ങളിലേക്ക് വിദ്യാർഥികളെ കൂട്ടിക്കൊണ്ടുപോയിരുന്ന പ്രിയപ്പെട്ട ഗുരുനാഥന് ആദരമർപ്പിക്കാൻ നിരവധി ശിഷ്യരും എത്തിയിരുന്നു. ഒരു ജീവിതകാലം കൊണ്ട് നേടിയെടുത്ത ജനസാഗരത്തിന് നടവിലായിരുന്നു സാനുമാഷിന്റെ മടക്കം.
ശനിയാഴ്ച വൈകിട്ട് 5.35ന് ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. വീണ് ഇടുപ്പെല്ല് പൊട്ടിയതിനെതുടർന്ന് 25നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയക്കുശേഷം ശ്വാസതടസ്സവും ന്യുമോണിയയും ആരോഗ്യസ്ഥിതി മോശമാക്കി. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കാലം കടന്നു പോയാലും എം കെ സാനു എന്ന സാനുമാഷ് ബാക്കി വച്ച ആശയങ്ങളും സംഭാവന നൽകിയ അക്ഷരക്കൂട്ടുകളും വരും തലമുറയേയും വഴികാട്ടും.









0 comments