‘എയിംസ്, വയനാട് ദുരന്ത സഹായം വേഗത്തിലാക്കുക’; കേന്ദ്ര ധനമന്ത്രിയുമായി കെ വി തോമസ് കൂടിക്കാഴ്‌ച നടത്തി

ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന് എയിംസ് ഉടനടി അനുവദിക്കുക, വയനാട് ദുരന്ത സഹായം വേഗത്തിലാക്കുക, ഹൈസ്പീഡ് റെയിൽവേ സിസ്റ്റം എത്രയും വേഗം അംഗീകരിക്കുക എന്നീ കാര്യങ്ങൾ കൂടിക്കാഴ്ചയിൽ കെ വി തോമസ് ധനമന്ത്രിയോട് ആവശ്യപ്പെട്ടു.
കണ്ണൂർ എയർപോർട്ട് കാർഗോ ഹബ്ബ് ആക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് കസ്റ്റംസ് കോസ്റ്റ് റിക്കവറി ചാർജ് (സിസിആർസി) നടപ്പിലാക്കരുതെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ മെയ് മാസത്തിൽ കേന്ദ്ര ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചു കൊണ്ടുള്ള കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരിയുടെ കത്ത് കെ വി തോമസിന് കൈമാറി. അനുമതിയായതോടെ കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പുമായി ചർച്ച ചെയ്ത് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റിക്ക് ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാവുന്നതാണ്.
മലബാറിന്റെ വികസനത്തിന് കണ്ണൂർ എയർപോർട്ട് ഒരു കാർഗോ ഹബ്ബാക്കുന്നത് ഗുണകരമാകുമെന്നും അന്തർദേശീയ വിമാനങ്ങൾ കണ്ണൂർ എയർപോർട്ട് പ്രയോജനപ്പെടുത്തുന്നതിനുള്ള അനുവാദം നൽകണമെന്നും കൂടിക്കാഴ്‌ചയിൽ കെ വി തോമസ് ആവശ്യപ്പെട്ടു. സെപ്തംബർ മാസത്തിൽ ചേരുന്ന കേന്ദ്ര മന്ത്രിസഭ സബ് കമ്മിറ്റി യോഗത്തിൽ കണ്ണൂർ എയർപോർട്ട് അന്തർദേശീയ എയർപോർട്ടാക്കി മാറ്റുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും ധനമന്ത്രി കെ വി തോമസിനെ അറിയിച്ചു.









0 comments