തടവ് പുള്ളി രക്ഷപ്പെട്ടത് ഏത് യുഡിഎഫ് മന്ത്രിയുടെ കാറിൽ? പുതിയ ചർച്ചകൾ

തിരുവനന്തപുരം: യുഡിഎഫ് കാലത്ത് മന്ത്രിയുടെ കാറിൽ കയറി തടവ് പുള്ളി രക്ഷപ്പെട്ട സംഭവത്തിൽ മന്ത്രിയാരെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച. യുഡിഎഫ് ഭരണ കാലത്ത് ജയിലിൽ മീറ്റിംഗിനെത്തിയ മന്ത്രിയുടെ കാറിൽ കയറി ഒരു തടവ് പുള്ളി മന്ത്രിക്കൊപ്പം സെക്രട്ടറിയേറ്റിൽ എത്തി രക്ഷപ്പെട്ടുവെന്ന് മുൻ ജയിൽ ഡിജിപി അലക്സാണ്ടർ ജേക്കബിന്റെ വെളിപ്പെടുത്തലാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ആരായിരിക്കും ആ മന്ത്രിയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സമൂഹമാധ്യമങ്ങൾ.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ രണ്ട് പേരാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തത്. രമേശ് ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനുമായിരുന്നു അത്. ഇവരിൽ ആരാണ് എന്ന് മാത്രം അറിഞ്ഞാൽ മതിയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. യുഡിഎഫ് ഭരിക്കുമ്പോൾ തിരുവനന്തപുരം ജയിലിൽ നിന്നും ഒരു കുറ്റവാളി മന്ത്രിയുടെ കാറിൽ മുൻസീറ്റിലിരുന്ന് സെക്രട്ടറിയേറ്റ് വരെയെത്തി. 32 ജയിൽ സ്റ്റാഫ് നോക്കിനിൽക്കുകയാണ്, ഒരാളുടെയും കണ്ണിൽ അവൻ പെട്ടില്ല' എന്നായിരുന്നു ചാനൽ ചർച്ചയിൽ അലക്സാണ്ടർ ജേക്കബ് പറഞ്ഞത്.
കേരളത്തിൽ കഴിഞ്ഞ 25 വർഷത്തിനിടെ 103 പേരാണ് ജയിൽ ചാടിയിട്ടുള്ളത് എന്നും ഇന്ത്യ ഒട്ടാകെയുള്ള 2200 പേര് ജയിൽ ചാടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതേ ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ജയില്‍ ചാടിയ റിപ്പർ ജയാനന്ദനെ മൂന്ന് മാസം കഴിഞ്ഞാണ് അന്നത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ഏഴ് കൊലപാതകം നടത്തിയ ജയാനന്ദൻ എന്ന ജയൻ വധശിക്ഷയുമായാണ് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയത്. അവിടെ അതീവ സുരക്ഷയുള്ള പത്താംനമ്പർ ബ്ലോക്കിലായിരുന്നു ഇയാളെയും താമസിപ്പിച്ചത്.
മാസങ്ങളുടെ തയ്യാറെടുപ്പിനൊടുവിൽ ശരീരഭാരം കുറച്ചും ജയിൽ കമ്പി മുറിച്ചുമാണ് ഇയാൾ ജയിൽ ചാടിയത്. ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിക്കാനായി അന്ന് ജയാനന്ദൻ തലയണയും തുണിയും ഉപയോഗിച്ച് സെല്ലിൽ ആൾരൂപം ഉണ്ടാക്കിയിരുന്നു.









0 comments