പ്രീ മെട്രിക് - പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്: അർഹരായ മുഴുവൻ കുട്ടികൾക്കും ആനുകൂല്യങ്ങൾ നൽകി

knb
വെബ് ഡെസ്ക്

Published on Feb 11, 2025, 11:39 AM | 2 min read

തിരുവനന്തപുരം : പട്ടിക ജാതി- പട്ടിക വർ​ഗ വിഭാ​ഗക്കാർക്കായുള്ള പ്രീ-മെട്രിക് - പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ആനുകൂല്യങ്ങൾ അർഹരായ മുഴുവൻ കുട്ടികൾക്കും ലഭ്യമാക്കിയതായി മന്ത്രി കെ എൻ ബാല​ഗോപാൽ നിയമസഭയിൽ പറഞ്ഞു. പട്ടിക ജാതി വിഭാഗക്കാരായ കുട്ടികൾക്ക് 2023- 24 വരെ നൽകുവാനുള്ള മുഴുവൻ പ്രീ-മെട്രിക് / പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. വാർഷിക വരുമാനം 2.5 ലക്ഷം രൂപയോ അതിൽ കുറവോ ഉള്ള പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാരായ കുട്ടികൾക്ക് മാത്രമാണ് കേന്ദ്രാവിഷ്കൃത പദ്ധതി പ്രകാരമുള്ള സ്കോളർഷിപ്പ് ആനുകൂല്യം ലഭിക്കുന്നത്.


പട്ടികജാതി വിഭാഗക്കാരായ കുട്ടികൾക്ക് കേന്ദ്രപദ്ധതി പ്രകാരമുള്ള പോസ്റ്റ് മെട്രിക് ആനുകൂല്യം അനുവദിക്കുന്നതിനുള്ള ആനുപാതിക സംസ്ഥാന വിഹിതമായി നടപ്പുവർഷം 73കോടി രൂപ വകയിരുത്തിയിരുന്നു. ഈ തുക പൂർണ്ണമായും ചെലവഴിച്ചതിനെ തുടർന്ന് 43.77 കോടി രൂപ ഉപധനാഭ്യർത്ഥനവഴി അധികമായി വകയിരുത്തുകയും ചെയ്തിട്ടുണ്ട്.


കേന്ദ്രപദ്ധതി പ്രകാരം 2.5 ലക്ഷം രൂപ വാർഷിക വരുമാനം നിശ്ചയിച്ചിട്ടുള്ള സാഹചര്യത്തിൽ അർഹമായ മുഴുവൻ കുട്ടികൾക്കും വരുമാനപരിധി കണക്കിലെടുക്കാതെ സംസ്ഥാന സർക്കാർ അധിക തുക വകയിരുത്തി ധനസഹായം നൽകുന്നുണ്ട്. അതിനായി നടപ്പുവർഷത്തെ ബജറ്റ് വിഹിതമായ 150 കോടി രൂപയും അധിക ധനാനുമതി വഴി അനുവദിച്ച 110 കോടി രൂപയും ഉപധനാഭ്യർത്ഥന വഴി അനുവദിച്ച 25.19 കോടി രൂപയും ചേർത്ത് ആകെ 285.19 കോടി രൂപ അനുവദിച്ചിട്ടുണ്ട്.


പട്ടികജാതി പ്രീമെട്രിക് സ്കോളർഷിപ്പ് നൽകുന്നതിനുവേണ്ടിയുള്ള ആനുപാതിക വിഹിതമായ 8 കോടി രൂപയും സംസ്ഥാനം നേരിട്ട് നടത്തുന്ന പദ്ധതികൾക്കായി 166 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമേ നോൺപ്ലാൻ ശീർഷകത്തിൽ 18 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഇവയെല്ലാം ചേർത്ത് പട്ടികജാതി വിഭാഗക്കാരുടെ സ്കോളർഷിപ്പ് ആനുകൂല്യം നൽകുന്നതിനായി നടപ്പുവർഷം ഇതുവരെ 594.15 കോടി രൂപ അനുവദിച്ചിട്ടുണ്ട്.


2024-25 വർഷം ഇതുവരെ ക്ലെയിം ചെയ്ത മുഴുവൻ തുകയും അനുവദിക്കുന്നതിനുള്ള തുക വകയിരുത്തി നൽകിയിട്ടുണ്ട്. പട്ടികജാതി സ്കോളർഷിപ്പ് ആനുകൂല്യം നൽകുന്നതിനായി കേന്ദ്രപദ്ധതിയുടെ ആനുപാതിക സംസ്ഥാന വിഹിതവും സംസ്ഥാന പദ്ധതി വിഹിതവും ചേർത്ത് 2021-22 കാലയളവിൽ 456.32 കോടി രൂപയും 2022-23 കാലയളവിൽ 360.76 കോടി രൂപയും 2023-24 കാലയളവിൽ 505.75 കോടി രൂപയും അനുവദിച്ചു.


പട്ടികവർഗ വിഭാഗത്തിൽ വരുന്ന കുട്ടികളുടെ സ്കോളർഷിപ്പ് പദ്ധതിയിലും 2.5 ലക്ഷം രൂപ എന്ന വാർഷിക വരുമാന നിബന്ധന കേന്ദ്രസർക്കാർ നിഷ്കർഷിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ വരുമാനമുള്ള കുട്ടികൾക്കുള്ള മുഴുവൻ തുകയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. പട്ടികവർഗ്ഗ വിഭാഗക്കാർക്കുള്ള പ്രീമെട്രിക് / പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകളുടെ ആനുപാതിക സംസ്ഥാന വിഹിതവും സംസ്ഥാനം നേരിട്ടു നടത്തുന്ന പദ്ധതികൾക്കുള്ള വിഹിതവും ചേർത്ത് നടപ്പുവർഷം ആകെ 71.82 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.


പട്ടിക വർഗ വിഭാഗങ്ങൾക്കായുള്ള സ്കോളർഷിപ്പ് പദ്ധതിയിൽ യാതൊരുവിധ കുടിശ്ശികയുമില്ല. പട്ടികവർഗ്ഗ സ്കോളർഷിപ്പ് ആനുകൂല്യം നൽകുന്നതിനുള്ള കേന്ദ്രപദ്ധതിയുടെ ആനുപാതിക സംസ്ഥാന വിഹിതവും സംസ്ഥാന പദ്ധതി വിഹിതവും ചേർത്ത് 2021-22 കാലയളവിൽ 60.76 കോടി രൂപയും 2022-23 കാലയളവിൽ 57.88 കോടി രൂപയും 2023-24 കാലയളവിൽ 72.3 കോടി രൂപയും അനുവദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home