സംസ്ഥാന സ്കൂൾ പ്രവേശനനോത്സവത്തിന് സ്വാഗത ഗാനമെഴുതിയത് വിദ്യാർഥിനി
നവാഗതരെ വരവേൽക്കും ഭദ്രയുടെ വരികൾ

ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്ത് ഭദ്ര ഹരിക്ക് മന്ത്രി വി ശിവൻകുട്ടി കൈമാറുന്നു
തിരുവനന്തപുരം
‘മഴമേഘങ്ങൾ പന്തലൊരുക്കിയ പുതുവർഷത്തിൻ പൂന്തോപ്പിൽ കളിമേളങ്ങൾ വർണം
വിതറിയൊരവധിക്കാലം മായുന്നു'
കൊട്ടാരക്കര താമരക്കുടി എസ്‌വിവിഎച്ച്എസ്എസിലെ വിദ്യാർഥിനി ഭദ്ര ഹരി താനെഴുതിയ കവിത ഈണത്തിൽ ചൊല്ലി. നന്നായെന്ന് മന്ത്രി വി ശിവൻകുട്ടിയുടെ അഭിനന്ദനം. സംസ്ഥാന സ്കൂൾ പ്രവേശനത്തിൽ ആദ്യമായി ഒരു വിദ്യാർഥിനി എഴുതിയ കവിത സ്വാഗത ഗാനമാകുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞപ്പോൾ ഭദ്രയുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.
പ്രവേശനോത്സവ ഗാനം ക്ഷണിച്ചുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ് ശ്രദ്ധയിൽപ്പെട്ടപ്പോൾ കവിത എഴുതി അയക്കുകയായിരുന്നു. കവിത തെരഞ്ഞെടുത്തുവെന്ന അറിയിപ്പ് ലഭിച്ചതുമുതൽ സ്‌കൂൾ തുറക്കുന്ന ദിവസത്തിനായുള്ള കാത്തിരിപ്പാണെന്ന് ഭദ്ര പറഞ്ഞു.
രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഗാനം സംഗീത സംവിധായകൻ അൽഫോൺസ് ജോസഫാണ് ചിട്ടപ്പെടുത്തി ആലപിച്ചത്. കൈറ്റ് വിക്‌ടേഴ്‌സ് ദൃശ്യാവിഷ്‌കാരം ഒരുക്കി. ദൃശ്യാവിഷ്‌കാരത്തിൽ ഭദ്ര അഭിനയിച്ചിട്ടുമുണ്ട്. ജൂൺ രണ്ടിന് ആലപ്പുഴയിൽ നടക്കുന്ന പ്രവേശനോത്സവത്തിൽ വിശിഷ്‌ടാതിഥികൂടിയാണ് ഭദ്ര.
അടൂർ താലൂക്കോഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ വടക്കടത്തുകാവ് കാംബോജിയിൽ ആർ ഹരീന്ദ്രനാഥിന്റെയും താമരക്കുടി എസ്‌വിവിഎച്ച്എസ്എസിലെ അധ്യാപിക എസ് സുമയുടെയും മകളാണ്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി എസ്‌എസ്‌എൽസി വിജയിച്ച ഭദ്ര പ്ലസ് വൺ പ്രവേശനത്തിനായുള്ള കാത്തിരിപ്പിലാണ്. രണ്ടുതവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാള കവിതാ രചനയ്ക്ക് എ ഗ്രേഡ് ലഭിച്ചു. ‘ധനുമാസ പൗർണമി ' എന്ന പേരിൽ കവിതാസമഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.









0 comments