കിനാവ് കൊണ്ട് കെട്ടിയ വാക്കുകൾ
print edition ‘ആ പാട്ടിന് ജീവനും ജീവിതവുമുണ്ടായിരുന്നു’ : പ്രകാശ്‌രാജ്

തൃശൂർ
‘ആ പാട്ടിന് ജീവനും ജീവിതവുമുണ്ടായിരുന്നു’ എന്നാണ് വേടന് മികച്ച ഗാന രചയിതാവിനുള്ള അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി ചെയർമാൻ പ്രകാശ്‌രാജ് പ്രതികരിച്ചത്. മലയാള സിനിമയുടെ ഗാനങ്ങളുടെ നടപ്പ് രീതികളോട് കലഹിച്ച വേടന്റെ പാട്ടുകൾക്ക് റാപ്പിനോട് അത്രമേൽ പരിചിതമല്ലാത്തവർ പോലും ഏറ്റുപാടിയിരുന്നു.
‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ എന്ന മഞ്ഞുമ്മൽ ബോയ്‌സിലെ പാട്ട് നമ്മുടെ പാട്ടുരീതികൾ മാറുന്നതിന്റെ ശബ്ദം കൂടിയായിരുന്നു. ആ ഇടപെടലിനാണ് പുരസ്‌കാര നേട്ടം. ‘സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പാര്‍ശ്വവൽകൃത ജീവിതത്തിലെ സഹനങ്ങളെയും സന്തോഷങ്ങളെയും പുതിയ ബിംബങ്ങളിലൂടെ തേച്ചുമിനുക്കാത്ത വാക്കുകളിലേക്ക് പകര്‍ത്തിയെടുത്ത രചനാമികവിന്.’ എന്നാണ് ജൂറി പരാമർശം.
വേടൻ ചെയ്യുന്നത് റാപ്പ് സംഗീതമാണ്. അതാണ് ഇന്നത്തെ തലമുറയുടെ ശബ്ദം. സ്ഥിരമായി ശാസ്ത്രീയ സംഗീതങ്ങൾക്കേ പുരസ്‌കാരം ലഭിക്കൂ എന്ന ധാരണ പാടില്ല. ആ സംഗീതത്തിന് ഇന്നത്തെ തലമുറയുടെ കാഴ്‌ചപ്പാടും സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ട്. അതുപോലെ തന്നെ സിനിമയിലെ കഥാപാത്രങ്ങളെയും കഥയെയും ആ പാട്ട് ഉൾക്കൊള്ളുന്നുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.
ദേശീയ അവാർഡ് ചിലരെ തൃപ്‌തിപ്പെടുത്താൻ
ദേശീയ അവാര്‍ഡ് പ്രഖ്യാപനങ്ങളെല്ലാം ഒരുവിഭാഗത്തെ മാത്രം തൃപ്തിപ്പെടുത്തുന്നതാണെന്ന് പറയാന്‍ ഒരു മടിയുമില്ലെന്ന് പ്രകാശ് രാജ്. കേരള ചലച്ചിത്ര പുരസ്‌കാരത്തിന്റെ ജൂറിയായി ഇവിടുത്തെ സര്‍ക്കാര്‍ എന്നെ വിളിച്ചപ്പോള്‍ സന്തോഷിച്ചു. ഞങ്ങള്‍ ഇതില്‍ കൈകടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനുവേണ്ടിയാണ് പുറത്തുനിന്ന് ഒരാളെ വിളിക്കുന്നതെന്നുമാണ് പറഞ്ഞത്. എല്ലാ തീരുമാനവുമെടുക്കാന്‍ എനിക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും ഉറപ്പ് തന്നിരുന്നു. എന്നാല്‍ ഈ അവസ്ഥ ദേശീയ അവാര്‍ഡ് വേദിയില്‍ ഒരിക്കലും കാണാനാകില്ല. ഫയല്‍സിനും പൈല്‍സിനും അവാര്‍ഡ് കിട്ടുമ്പോള്‍ നമുക്ക് അത് കൃത്യമായി മനസ്സിലാകും. അത്തരത്തിലൊരു അവാര്‍ഡ് ജൂറിയോ കേന്ദ്ര സർക്കാരോ ഒരിക്കലും മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.









0 comments