ഇസ്രയേൽ സാമ്രാജ്യത്വപൊലീസ് കളിക്കുന്നു : പ്രകാശ് കാരാട്ട്

തൃശൂർ
അറബ് മേഖലയിൽ സാമ്രാജ്യത്വത്തിന്റെ പൊലീസായി ഇസ്രയേൽ മാറുകയാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. തൃശൂരിൽ നടക്കുന്ന ഇ എം എസ് സ്‌മൃതിയിൽ ‘വളരുന്ന അസമത്വം’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രയേൽ അധിനിവേശം വ്യാപിപ്പിക്കുന്നതിന്റെ സൂചനയാണ് ഇറാനുനേരെ നടത്തിയ ആക്രമണം. അമേരിക്കയിൽ ട്രംപ് രണ്ടാം വട്ടം അധികാരത്തിലേറിയശേഷമുണ്ടായ നയമാറ്റം അന്താരാഷ്‌ട്ര ബന്ധങ്ങളിൽ വലിയ മാറ്റങ്ങൾക്കിടയാക്കി. അമേരിക്കയുടെ നഷ്‌ടപ്രതാപം വീണ്ടടുക്കാനെന്ന പേരിൽ അക്രമോത്സുക സാമ്പത്തിക നയങ്ങളാണ് നടപ്പാക്കുന്നത്.
താരിഫ് യുദ്ധത്തിലൂടെ തങ്ങളുടെ സഖ്യകക്ഷികളെയുൾപ്പെടെ പിഴിഞ്ഞൂറ്റുകയാണ്. ഇത് ഇന്ത്യക്ക് വലിയ നഷ്‌ടമാണ് ഉണ്ടാക്കുക. അമേരിക്കയുടെ കാർഷികോൽപ്പന്നങ്ങളും ഡെയ്‌റി ഉൽപ്പന്നങ്ങളും ഉപഭോഗ ഉൽപ്പന്നങ്ങളും ഇന്ത്യയിലേക്ക് കയറ്റി അയക്കാൻ, ഇറക്കുമതിച്ചുങ്കം കുറയ്‌ക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഇത് ഇന്ത്യയിലെ കൃഷി, മൃഗസംരക്ഷണം, ചെറുകിട ഇടത്തരം വ്യവസായം എന്നിവ തകർക്കും.
ഇന്ത്യ തന്ത്രപരമായ സഖ്യകക്ഷിയാവണമെന്നും കൂടുതൽ ആയുധം വാങ്ങണമെന്നും അമേരിക്കയിൽനിന്ന് കൂടുതൽ ഇന്ധനം വാങ്ങണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. അമേരിക്കയിൽനിന്നുള്ള ഇന്ധന ഇറക്കുമതി മുൻവർഷത്തേതിനേക്കാൾ 61 ശതമാനം വർധിച്ചു.
ചൈനയുമായുള്ള അമേരിക്കയുടെ ബന്ധം വഷളാവുന്നത് ഇന്ത്യയെയും ബാധിക്കും. വ്യാപാര തർക്കം ചൈനയെ കാര്യമായി ബാധിച്ചില്ല. മാത്രമല്ല, പല മേഖലകളിലും അവർ മുന്നേറി. നിർമിത ബുദ്ധിയുടെ രംഗത്ത് അമേരിക്കയേക്കാൾ മികച്ച നേട്ടമുണ്ടാക്കിയത് ചൈനയാണ്. ചൈന റെയർ എർത്ത് മാഗ്‌നറ്റ് കയറ്റുമതി നിയന്ത്രിച്ചതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഓട്ടോമൊബൈൽ വ്യവസായം പ്രതിസന്ധിയിലായി.
ലോകമാകെ അസമത്വം പെരുകുമ്പോൾ അത് കുറയ്‌ക്കുന്നതിനുള്ള ജനക്ഷേമ നടപടികളുമായി കേരളം ബദൽ തീർക്കുകയാണ്. അസമത്വം കേവലം വരുമാനത്തിലും സമ്പത്തിലുമുള്ള അന്തരമല്ല. സാധാരണക്കാരന് പാർപ്പിടം, ഭക്ഷണം, വൈദ്യസഹായം, വിദ്യാഭ്യാസ സൗകര്യം എന്നിവയുടെ ലഭ്യത അസമത്വം നിർണയിക്കുന്നതിലെ സൂചികകളാണ്. ഇപ്പോൾ ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കാനുള്ള നടപടികളുമാരംഭിച്ചു. ദീർഘകാലമായി പിന്തുടർന്ന് നടപ്പാക്കിയ പദ്ധതികളുടെ ഫലമാണ്. ഇത് തുടരാൻ എൽഡിഎഫിന്റെ തുടർച്ചയായ മൂന്നാം സർക്കാരും അധികാരത്തിൽ വരേണ്ടതുണ്ട്–- കാരാട്ട് പറഞ്ഞു.
0 comments